'ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'; 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ ഇ പി ജയരാജൻ

പാർലമെന്റ് വളപ്പിൽ പാരഡിപ്പാട്ട് പാടിയ യുഡിഎഫ് എംപിമാരെയും ഇ പി വിമർശിച്ചു

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് പറഞ്ഞ ഇ പി ഇനി എല്ലാം പൊലീസ് തീരുമാനിക്കട്ടെ എന്നും പറഞ്ഞു. തെരഞ്ഞടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും പാട്ട് താൻ കേട്ടിട്ടില്ല എന്നതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഇ പി കൂട്ടിച്ചേർത്തു.

പാർലമെന്റ് വളപ്പിൽ പാരഡിപ്പാട്ട് പാടിയ യുഡിഎഫ് എംപിമാരെയും ഇ പി വിമർശിച്ചു. അവർ അത് പാട്ട് പാടാനുള്ള കേന്ദ്രമായി ധരിച്ചുകാണും എന്നും ജനങ്ങൾക്കും കേരളത്തിനും വേണ്ടിയുള്ള പ്രശ്നങ്ങൾ അവർ പറയാറില്ല എന്നുമാണ് ഇ പി ജയരാജൻ വിമർശിച്ചത്. തങ്ങൾ എല്ലാ കാലവും ആവിഷ്കാര സ്വാതന്ത്രത്തിനൊപ്പമാണ്. ദൈവത്തെ തെറ്റായ വഴിയിൽ പ്രചാരണത്തിനുപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ല എന്നും ഇ പി പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇടതുപക്ഷം എന്ത് തെറ്റാണ് ചെയ്തത് എന്നും ഇ പി ചോദിച്ചു. ലോകപ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഇടതുപക്ഷം ഭംഗിയായി അയ്യപ്പസംഗമം സംഘടിപ്പിച്ചു. അപ്പോഴാണ് അതിനെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ഒരു പോറ്റിയെ കൊണ്ടുവന്നത്. വിഷയത്തിൽ കോടതി ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ സർക്കാർ അത് ചെയ്തു. സർക്കാർ ആരെയും സംരക്ഷിച്ചിട്ടില്ല. നീതിപൂർവവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച ഈ സർക്കാരിന് വിശ്വാസികളും വോട്ടർമാരും കൂടുതൽ പിന്തുണ നൽകുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 'പോറ്റിയെ കേറ്റിയെ' എന്ന പാരഡിഗാനത്തിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചത്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഗാനം പ്രചരിപ്പിക്കുന്നതിലൂടെ ഭക്തരുടെ വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.പ്രസാദ് ഡിജിപിക്ക് നല്‍കിയ പരാതി എഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാട്ടിലുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍ നിയമോപദേശം ലഭിച്ചശേഷം മാത്രമെ കേസെടുക്കാനാകൂ.

കഴിഞ്ഞ ദിവസം കണ്ണൂർ പിണറായിയിൽ ഉണ്ടായ സ്ഫോടനത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത് എന്നും ഇ പി ആവശ്യപ്പെട്ടു. കെട്ടുപടക്കങ്ങൾ ചില സമയങ്ങളിൽ അപകടം ഉണ്ടാക്കാറുണ്ട് എന്നും അനുഭവസ്ഥർ അല്ലെങ്കിൽ അപകടം ഉറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ സംഘർഷങ്ങൾ കുറവായിരുന്നു എന്നും ഇ പി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ സംഘർഷങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. കണ്ണൂർ വിരുദ്ധ പ്രചാരവേലകൾ ഒക്കെ കാലഹരണപ്പെട്ടു എന്നും പാനൂർ പാറാട്ടെ വടിവാൾ ആക്രമണം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാകില്ല എന്നും ഇ പി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയുമായുള്ള ബന്ധം തിരിച്ചടിയായി എന്ന വിമർശനത്തിനും ഇ പി മറുപടി നൽകി. വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചത് തിരിച്ചടിയായി എന്ന വാദം ബാലിശമാണെന്നും ആരെങ്കിലും വന്നതുകൊണ്ട് പോയതുകൊണ്ട് വോട്ടുകൾ നഷ്ടപ്പെടില്ല എന്നും ഇ പി പറഞ്ഞു. വെള്ളാപ്പള്ളി കാരണം വോട്ട് കുറഞ്ഞെന്ന പ്രചാരണത്തെ ദുരുദ്ദേശപരമെന്നാണ് ഇ പി വിശേഷിപ്പിച്ചത്.

Content Highlights: EP Jayarajan on sabarimala parody song controversy

To advertise here,contact us