കണ്ണൂർ : കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ചെമ്പ് തെളിഞ്ഞുവരികയാണെന്ന് യുഡിഎഫ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി ഒ മോഹനൻ.
കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിക്കും മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്ഡിപിഐക്കും വോട്ട് മറിച്ചുനൽകുന്ന പണിയാണ് ചെയ്തത്. അധികാരവും സാമ്പത്തികശേഷിയും ഉപയോഗിച്ച് വലിയ എഐ വീഡിയോകൾ ഇറക്കിയ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പാർട്ടി സ്വന്തം പഞ്ചായത്തിലും വാർഡിലുമടക്കം ദയനീയമായി പരാജയപ്പെട്ടുവെന്നും മോഹനൻ വ്യക്തമാക്കി.
ചില ഡിവിഷനുകളിൽ സിപിഐഎം വോട്ടുകൾ കുത്തനെ ബിജെപിയിലേക്ക് പോയി. ടെമ്പിൾ ഡിവിഷനിൽ 2015-ൽ 225 വോട്ട് ലഭിച്ച സിപിഐഎമ്മിന് ഇത്തവണ കിട്ടിയത് 89 വോട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 145 ആയിരുന്നു. തുളിച്ചേരിയിൽ 2015-ൽ 1114-ഉം 2020-ൽ 1028 വോട്ടും കിട്ടിയ സിപിഎമ്മിന് ഇപ്രാവശ്യം കിട്ടിയത് 567 വോട്ട് മാത്രമാണ്.
സിറ്റിങ് സീറ്റായിരുന്ന കൊക്കേൻപാറയിൽ സിപിഐഎം മൂന്നാം സ്ഥാനത്തായി. കഴിഞ്ഞതവണ അവിടെ സിപിഐഎമ്മിന് കിട്ടിയത് 827 വോട്ടാണ്. ഇത്തവണ 562 ആയി. ബിജെപിയിലേക്കാണ് ഈ വോട്ടുകൾ പോയത്. അറക്കലിലും കസാനക്കോട്ടയിലുമാണ് എസ്ഡിപിഐക്ക് സിപിഐഎം വോട്ടുനൽകിയത്. പഞ്ഞിക്കയിൽ കോൺഗ്രസ് വിരുദ്ധനെ ജയിപ്പിക്കാനുള്ള സഹായവും സിപിഐഎം നൽകി.
ആദികടലായിയിൽ ബിജെപിയെക്കാൾ വലിയ വർഗീയ പ്രചാരണമാണ് നടത്തിയത്. കോൺഗ്രസിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന ഇഎംഎസിന്റെ പഴയ പ്രഖ്യാപനം നടപ്പാക്കുകയാണ് സിപിഐഎമ്മുകാർ ചെയ്തത്. കോർപ്പറേഷൻ ഭരണസമിതിക്കെതിരേ സിപിഐഎം തിരഞ്ഞെടുപ്പുകാലത്തും മുൻപും നിരന്തരം നടത്തിയ കള്ളപ്രചാരണങ്ങൾക്ക് കിട്ടിയ തിരിച്ചടിയാണ് യുഡിഎഫിന്റെ മിന്നും ജയമെന്നും മോഹനൻ പറഞ്ഞു.
Content Highlight :CPI(M)-BJP ties revealed in corporation elections: T.O. Mohanan