തിരുവനന്തപുരം : ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിനെതിരെ ഇന്ന് ജില്ലാ ആസ്ഥാനങ്ങളില് ഗാന്ധി ചിത്രമുയര്ത്തി കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. എഐസിസിയുടെ നിര്ദ്ദേശപ്രകാരമാണ് പ്രതിഷേധമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.
ജില്ലകളില് നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്ക്കു പുറമേ രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്, കെപിസിസി ഭാരവാഹികള്, എംപിമാര്, എംഎല്എമാര്, എഐസിസി, കെപിസിസി അംഗങ്ങള് തുടങ്ങിയവര് പങ്കെടുക്കും. കോണ്ഗ്രസ് സ്ഥാപക ദിനമായ ഈ മാസം 28 നു മണ്ഡലം കമ്മറ്റികളുടെ നേത്യത്വത്തില് മണ്ഡല ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. കൊച്ചിയില് വൈകിട്ട് 5 നു രാജേന്ദ്ര മൈതാനിയ്ക്കു സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നില് ജില്ലാ കോണ്ഗ്രസ് കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്നും പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്ആര്ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന് ഗ്രാമീണ് എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില് ദിനങ്ങള് നൂറില് നിന്ന് 125 ആക്കി ഉയര്ത്തിയേക്കും. പദ്ധതിയില് കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്കും. ബാക്കി 40 ശതമാനം സംസ്ഥാനസര്ക്കാരുകള് നല്കണം. നിലവില് 75 ശതമാനമാണ് കേന്ദ്രം നല്കുന്നത്. പ്രതിപക്ഷ എതിര്പ്പിനെ തുടര്ന്ന് ബില് സംയുക്ത പാര്ലമെന്ററി സമിതിക്ക് വിടുമെന്നും സര്ക്കാര് അറിയിച്ചിരുന്നു.
2005-ല് യുപിഎ സര്ക്കാര് കൊണ്ടുവന്ന എംജിഎന്ആര്ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്ക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനല്കിയിരുന്നത്. പുതിയ ബില് പ്രകാരം 100 ദിവസത്തെ തൊഴില് 125 ദിവസമാക്കി ഉയര്ത്തി. ജോലി പൂര്ത്തിയായി 15 ദിവസത്തിനുളളില് വേതനം നല്കണമെന്നാണ് ബില്ലിനെ നിര്ദേശം. സമയപരിധിക്കുളളില് വേതനം നല്കാത്ത പക്ഷം തൊഴില്രഹിത വേതനത്തിനും ബില്ലില് വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.
Content Highlight : Changes in employment guarantee scheme; Congress protests in district centers today