'അഹങ്കാരം, ധാർഷ്ട്യം എന്നിവയ്ക്ക് ജനങ്ങൾ മറുപടി നൽകി'; സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

സർക്കാരിന്റെ 'ന്യൂനപക്ഷ സൗഹൃദം' എന്ന രാഷ്ട്രീയ മുദ്രാവാക്യം ഫയലുകളിൽ ഒതുങ്ങി എന്നും ലേഖനത്തിൽ വിമർശനമുണ്ട്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. മുഖപത്രമായ 'ദീപിക'യിലെ ലേഖനത്തിലാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഡോ. ഫിലിപ്പ് കവിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മലയോര കർഷകരുടെ വികാരം, ന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തി എന്നിവ ഇടതുപക്ഷത്തിനെതിരായി എന്നും പല നയങ്ങളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി എന്നും ഫാ. ഫാദർ ഫിലിപ്പ് കവിയിൽ വിമർശിച്ചു.

അധികാരത്തിന്റെ അഹങ്കാരം, ഭരണവർഗത്തിന്റെ ധാർഷ്ട്യം എന്നിവയ്ക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകി എന്നാണ് വിമർശനം. ഇടതുപക്ഷ സർക്കാർ ക്രൈസ്തവരുടെ ആശങ്കകൾക്ക് വേണ്ട പരിഗണന നൽകിയില്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സമീപനം, കർഷകരുടെ പ്രശ്നങ്ങൾ എല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നും നാടിന്റെ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിൽ ക്രൈസ്തവർ നൽകിയ സംഭാവനകൾ തിരിച്ചറിഞ്ഞ് സാമൂഹികനീതിയിലും ഭരണഘടന അമൂല്യങ്ങളിലും അധിഷ്ഠിതമായ നയങ്ങൾ സർക്കാർ കൈക്കൊള്ളണമെന്നും ലേഖനത്തിൽ പറയുന്നു.

ഇടതുപക്ഷം ജനങ്ങളുമായി സംവദിക്കുന്നത് കുറഞ്ഞു എന്ന വിമർശനവും ഫാ. ഫാദർ ഫിലിപ്പ് കവിയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലെ മലയോര മേഖല, തൃശൂർ, ചാലക്കുടി - ഇരിഞ്ഞാലക്കുട പ്രദേശങ്ങൾ, തീരമേഖലകൾ എന്നിവിടങ്ങളിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി. ജനങ്ങളുമായി ഇടതുപക്ഷം സംവദിക്കുന്നത് കുറഞ്ഞുപോയതാണ് ഇതിന് കാരണം എന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിന്റെ 'ന്യൂനപക്ഷ സൗഹൃദം' എന്ന രാഷ്ട്രീയ മുദ്രാവാക്യം ഫയലുകളിൽ ഒതുങ്ങി എന്നും ലേഖനത്തിൽ വിമർശനമുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദ നിലപാടുകാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം, സഭ - സമുദായ നേതൃത്വവുമായുള്ള ആശയവിനിമയത്തിലെ പാളിച്ചകൾ, വിദ്യാഭ്യാസ രംഗത്തെ പക്ഷപാതകരമായ നയങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ വിമർശനം ഉന്നയിച്ചിട്ടുള്ളത്. ഇതിന് പുറമെ മലയോര മേഖലയിലെ കർഷകപ്രതിസന്ധിയിൽ പരിഹാരമുണ്ടാകാത്തതിനെയും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കർഷകരുടെ കടബാധ്യത, വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകാത്തത്, വിളനാശത്തിന് കാര്യമായ നഷ്ടപരിഹാരം നൽകാതിരിക്കുക തുടങ്ങിയവ തിരിച്ചടിയായി എന്നും ലേഖനത്തിൽ വിമർശനമുണ്ട്.

സർക്കാരിന്റെ നയങ്ങളെയും ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. വികസനം എന്ന പേരിൽ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ, സംരക്ഷണത്തിന്റെ ശബ്ദം സർക്കാർ കേട്ടില്ല എന്നും ഇത് ജനങ്ങളെ ഭരണവർഗത്തിൽ നിന്നകറ്റി എന്നും ലേഖനത്തിൽ പറയുന്നു. ഉയർന്ന ജീവിതച്ചിലവ്, തൊഴിൽ രംഗത്തെ അനിശ്ചിതത്വം തുടങ്ങിയവ ജനങ്ങളെ ബാധിച്ചു. സംഘടനാ സംവിധാനങ്ങൾ പോലും ജനങ്ങളുടെ യഥാർത്ഥ വികാരം നേതൃത്വത്തിലേക്ക് എത്തിച്ചില്ല എന്നും പാർട്ടി വേദികളിലെ വിലയിരുത്തലുകളും ജനമനസ്സിലെ യാഥാർഥ്യവും തമ്മിൽ വലിയ അന്തരമുണ്ടായി എന്നും വിമർശനമുണ്ട്.

തിരിച്ചുവരാൻ സർക്കാരിന് ഇനിയും വഴികളുണ്ട് എന്ന മുന്നറിയിപ്പുമായാണ് ലേഖനം അവസാനിക്കുന്നത്. ഭരണം ആരുടേയും കുത്തകയല്ല എന്ന് ജനങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ജനവിധിയെ വിനയത്തോടെ സ്വീകരിച്ച്, തെറ്റുകൾ തിരുത്തി മുന്നോട്ടുപോയാൽ ഇടതുപക്ഷത്തിന് കൊള്ളാം എന്ന് ലേഖനം മുന്നറിയിപ്പ് നലകുന്നുണ്ട്.

ജനങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസിലാക്കണമെന്നും അവർക്ക് വേണ്ടി നിലപാടെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നുമുണ്ട്. വിജയത്തിൽ മതിമറന്ന് ഇരിക്കരുതെന്നും ജനകീയ അടിത്തറയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ലേഖനത്തിൽ പറയുന്നു.

Content Highlights: catholic congress against ldf on its election backlash

To advertise here,contact us