സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടം; ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം

നേരത്തെ വിജിലിൻറെ അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടമെന്ന് സ്ഥീരികരിച്ചു. കണ്ണൂർ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ വിജിലിൻറെ അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് ഈ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അമിത ലഹരി ഉപയോഗത്തിന് പിന്നാലെ വിജിലിൻ്റെ ബോധം പോവുകയായിരുന്നു. വിജിലിനെ ഉപേക്ഷിച്ച് അവിടെനിന്ന് പോയ സുഹൃത്തുക്കള്‍ രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തുകയും, മരിച്ച നിലയില്‍ കണ്ട വിജിലിനെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ പൊലീസിന്റെ പിടിയിലായി. എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്.

മൂന്നാമനായ വേങ്ങേരി സ്വദേശി രഞ്ജിത്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജിലിനെ കാണാതായതിനു പിന്നാലെ പിതാവ് വിജയനാണ് ആറു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സൂചന ഒന്നും ലഭിച്ചിരുന്നില്ല. പൊലീസിന് ലഭിച്ച നിര്‍ണായ വിവരങ്ങളെ തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് പ്രതികള്‍ വിവരങ്ങള്‍ പൊലീസിനു മുന്നില്‍ വെളിപ്പെടുത്തിയത്.

തെളിവെടുപ്പിനായി ഒന്നാം പ്രതി നിഖിലുമായി കല്ലായി റെയില്‍വേ സ്‌റ്റേഷനിൽ എത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെടുത്തു. അടുത്ത ദിവസം മുതല്‍ വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് പരിശോധന തുടങ്ങി. എന്നാല്‍ കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസമായിരുന്നു. പിന്നീട് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചതുപ്പിലെ തിരച്ചില്‍ പുനരാരംഭിച്ചു. മൂന്നാം നാള്‍ വിജിലിന്റെ ഷൂ കണ്ടെടുത്തു. പ്രതികള്‍ ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് അന്‍പത് മീറ്ററിലധികം ദൂരത്തെ ചെളിയും കല്ലും മരത്തടികളും കോരിമാറ്റി പരിശോധിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, മണ്ണ് മാന്തി യന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉൾപ്പെട്ട വലിയൊരു സംഘം നടത്തിയ തിരച്ചിലിൽ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി. വിജിലിനെ കുഴിച്ച് മൂടിയെന്ന് ഒന്നാം പ്രതി കെ കെ നിഖിലും മൂന്നാം പ്രതി ദീപേഷും കാട്ടി നല്‍കിയതിന് അടുത്ത് നിന്നായാണ് ഇവയോരോന്നും പൊലീസ് കണ്ടെടുത്തത്.

Content Highlight : A crucial turning point in the Kozhikode Vigil murder case Forensic examination confirms that the body is that of Vigil

To advertise here,contact us