കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗാന്ധിയന് ആശയങ്ങള് രാജ്യത്തിന്റെ ആത്മാവെന്നും പേര് വെട്ടിയാല് അദ്ദേഹത്തിന്റെ ആശയങ്ങള് വിസ്മൃതിയിലാകുമെന്നും കരുതുന്നവര് വിഡ്ഢികളുടെ സ്വര്ഗത്തിലാണെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം എന്നും 2005ല് യുപിഎ സര്ക്കാര് കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള് മോദി സര്ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശൻ വിമർശിച്ചു.
'സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന് ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില് നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്ക്കാര് നടപടി.
ഗാന്ധിയന് ആശയങ്ങള് രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര് ഗാന്ധിജിയുടെ പേരിനെയും ഓര്മകളെയും ഭയക്കുന്നു. നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന് ശ്രമിച്ചു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല് കോണ്ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്ക്കാര് മറക്കരുത്', വി ഡി സതീശൻ പറഞ്ഞു.
'രാജ്യത്തിന്റെ പട്ടിണി അകറ്റിയ, ഒരു വലിയ വിഭാഗം ജനതയെ, പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. 2005 ല് യു.പി.എ സര്ക്കാര് കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള് മോദി സര്ക്കാരിന്റെ ശ്രമം.തൊഴിലുറപ്പ് പദ്ധതിയില് നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാല് അദ്ദേഹത്തിന്റെ ആശയങ്ങള് വിസ്മൃതിയിലാകുമെന്ന് കരുതുന്നവര് വിഡ്ഢികളുടെ സ്വര്ഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാര്ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്ക്കാര് അടിയന്തരമായി പിന്വലിക്കണം',വി ഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്ആര്ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന് ഗ്രാമീണ് എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില് ദിനങ്ങള് നൂറില് നിന്ന് 125 ആക്കി ഉയര്ത്തിയേക്കും. പദ്ധതിയില് കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്കും. ബാക്കി 40 ശതമാനം സംസ്ഥാനസര്ക്കാരുകള് നല്കണം. നിലവില് 75 ശതമാനമാണ് കേന്ദ്രം നല്കുന്നത്. പ്രതിപക്ഷ എതിര്പ്പിനെ തുടര്ന്ന് ബില് സംയുക്ത പാര്ലമെന്ററി സമിതിക്ക് വിടുമെന്നും സര്ക്കാര് അറിയിച്ചിരുന്നു.
2005-ല് യുപിഎ സര്ക്കാര് കൊണ്ടുവന്ന എംജിഎന്ആര്ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്ക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനല്കിയിരുന്നത്. പുതിയ ബില് പ്രകാരം 100 ദിവസത്തെ തൊഴില് 125 ദിവസമാക്കി ഉയര്ത്തി. ജോലി പൂര്ത്തിയായി 15 ദിവസത്തിനുളളില് വേതനം നല്കണമെന്നാണ് ബില്ലിനെ നിര്ദേശം. സമയപരിധിക്കുളളില് വേതനം നല്കാത്ത പക്ഷം തൊഴില്രഹിത വേതനത്തിനും ബില്ലില് വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.
Content Highlights: vd satheesan against name and structure change of mgnrega