പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില് സ്വന്തം പാര്ട്ടിക്കാര് തന്നെ കാലുവാരിയെന്ന് തുറന്നടിച്ച സിപിഐഎം നേതാവും മുന് എംഎല്എയുമായ കെ സി രാജഗോപാലിൻ്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കുമെന്നും തോൽവിക്ക് കാരണം എന്തെന്ന് കണ്ടെത്തുമെന്നും രാജു എബ്രഹാം പറഞ്ഞു.
കെ സി രാജഗോപാലിൻ്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ജില്ലയിൽ സിപിഐഎമ്മിന് തിരിച്ചടിയായില്ല. ശബരിമല വാർഡിൽ സിപിഐഎം നറുക്കെടുപ്പിലൂടെ ആണെങ്കിലും വിജയിച്ചുവെന്നും രാജു എബ്രഹാം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്തെത്തിയത്. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത് എന്നും കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത് എന്നും രാജഗോപാൽ തുറന്നടിച്ചിരുന്നു.
സ്റ്റാലിൻ ഏരിയ സെക്രട്ടറിയാകാൻ യോഗ്യതയില്ലാത്തയാളാണെന്നും വിവരമില്ലാത്തയാളെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില് മെഴുവേലി പഞ്ചായത്തിലെ എട്ടാം വാര്ഡിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു രാജഗോപാല്. നേതൃത്വത്തിന്റെ പിടിപ്പുകേടിൽ എല്ലാ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായി. ഇതിന് പുറമെ തന്നെ പാർട്ടി വേണ്ട വിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുത് എന്ന ടി വി സ്റ്റാലിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു എന്നും രാജഗോപാൽ ആരോപിച്ചിരുന്നു.
Content Highlight : 'The party will examine K C Rajagopal's remarks'; Raju Abraham