തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനം അയ്യപ്പഭക്തര്ക്ക് പ്രയാസമുണ്ടാക്കിയെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല് സെക്രട്ടറി പ്രസാദ് കുഴികാല. പാട്ടിന് പിന്നിലെ ഉദ്ദേശശുദ്ധിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പാരഡി ഗാനത്തിന് പുറകില് ആരാണെന്ന് കണ്ടെത്തണമെന്നും പ്രസാദ് കുഴികാല പറഞ്ഞു. 'കോണ്ഗ്രസ് എംപിമാര് പാര്ലമെന്റിന് മുന്നില് പാരഡി ഗാനം ആലപിച്ചത് തെറ്റാണ്. പാരഡി ഗാനത്തില് നിന്നും അയ്യപ്പന് എന്ന വാക്ക് നീക്കണം. സ്വാമി അയ്യപ്പനെ അവഹേളിക്കുന്നതാണ് പാരഡി ഗാനം. ഭക്തസംഘടനകളുമായി ആലോചിച്ച് നിയമനടപടികളിലേക്ക് നീങ്ങും. അയ്യപ്പന്റെ പേരില് മേലില് ഇനി പാരഡി ഇറങ്ങരുത്.' പ്രസാദ് കുഴികാല കൂട്ടിക്കാഴ്ച്ച.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതിഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നാണ് പരാതി. പാരഡി ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി. 'പോറ്റിയെ കേറ്റിയെ' എന്ന് തുടങ്ങുന്ന ഗാനം അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഗാനം പ്രചരിപ്പിക്കുന്നു. ഭക്തരുടെ വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
'പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായി മാറിയെ' എന്ന പാരഡി ഗാനമാണ് വിവാദത്തിനിടയാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. അതേസമയം സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും ഈ ഗാനം എംപിമാർ ആലപിച്ചിരുന്നു.
പാട്ടിനെതിരെ നേരത്തെ സിപിഐഎം നേതാവും എം പിയുമായ എ എ റഹീം രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിലുടനീളം എൽഡിഎഫ് ക്ഷേമവും വികസനവും പറയാൻ ശ്രമിച്ചപ്പോൾ യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചത് വിശ്വാസമാണെന്നും അനൗൺസ്മെന്റിൽ പോലും ശരണമന്ത്രം നിറയക്കാനാണ് അവർ ശ്രമിച്ചതെന്നും റഹീം പറഞ്ഞിരുന്നു. പാർലമെന്റിൽ കേരളത്തിലെ കോൺഗ്രസ് എം പിമാർ പാരഡി പാട്ട് പാടി രസിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷും വിമർശിച്ചു.
Content Highlight; 'The parody song 'Potiye Ketiye' caused trouble for Ayyappa devotees'; Prasad Kuzhikala