'കേന്ദ്രം വിലക്കേർപ്പെടുത്തിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്‌കെയിൽ പ്രദര്‍ശിപ്പിക്കും'; സജി ചെറിയാൻ

കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ മുഴുവന്‍ ചിത്രങ്ങളും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മുന്നെ നിശ്ചയിച്ച സിനിമകളെല്ലാം മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മേളയുടെ പാമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

'കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ല.' സജി ചെറിയാന്‍ വ്യക്തമാക്കി.

ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ 19 ചിത്രങ്ങള്‍ക്കായിരുന്നു വിലക്കെങ്കിലും പിന്നീട് നാലെണ്ണത്തിന് അനുമതി നല്‍കിയിരുന്നു. ഇനി 15 സിനിമകള്‍ക്ക് കൂടിയാണ് പ്രദര്‍ശനാനുമതി നല്‍കാനുള്ളത്. 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

Content Highlight; Minister Saji Cherian Says All Films Will Be Screened at IFFK

To advertise here,contact us