തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് ഇടതുമുന്നണി പറയുന്നത് നല്ലതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ പറയുന്നത് തുടരണം എന്നാണ് ആഗ്രഹം. ഇത്രയും വലിയ തെറ്റ് പറ്റിയിട്ടും ഒരു സ്വയം വിമർശനം പോലും നടത്താൻ തയ്യാറാകാത്ത പാർട്ടിയെ പറ്റി ജനങ്ങൾ ചിന്തിക്കട്ടെ. കൂടുതൽ തിരിച്ചടികൾ അവരെ കാത്തിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചാൽ മതി. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അനുഭവിച്ച ദുരിതം കൊണ്ടാണ് ഇടതുമുന്നണിക്ക് എതിരായി ജനങ്ങൾ വോട്ട് ചെയ്തത്. അത് തിരിച്ചറിയാൻ കഴിയാതെ ഞങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ല ജനങ്ങൾക്ക് തെറ്റുപറ്റി എന്ന് പറയുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. മറ്റൊരു മുന്നണിയിൽ നിൽക്കുന്ന ഒരു കക്ഷിയെ യുഡിഎഫിൽ എടുക്കും എന്ന് പറയാൻ തനിക്ക് കഴിയില്ല. പക്ഷേ യുഡിഎഫിന്റെ മുന്നണി വിപുലീകരണം ഉണ്ടാകും. ഇടതുപക്ഷത്തോട് എതിർപ്പുള്ള, ജനാധിപത്യം പുലരണം എന്ന് ആഗ്രഹിക്കുന്ന ആളുകളും സംഘടനകളും യുഡിഎഫിന് ഒപ്പം വരും. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിൽ നിന്നും എൽഡിഎഫിൽനിന്നും യുഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനപിന്തുണ സമാഹരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. കക്ഷികൾ വരികയോ പോവുകയോ ചെയ്യുക എന്നത് കക്ഷികൾ കൂടി തീരുമാനിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: local body election result; Congress leader Ramesh Chennithala reacts against ldf