കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തില് സര്ക്കാരിനും സംവിധാനത്തിനും വീഴ്ച സംഭവിച്ചെന്ന് ആവര്ത്തിച്ച് ഹൈക്കോടതി. ഇവിടെയുള്ള സംവിധാനമാണ് സൂരജ് ലാമയെ മരിക്കാന് അനുവദിച്ചതെന്നും 'പീപ്പിള് ഫ്രണ്ട്ലി' എന്ന് പറയുന്ന സംസ്ഥാനത്താണ് ഇക്കാര്യങ്ങള് നടന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഐപിക്കാണ് ഈ അവസ്ഥയുണ്ടായതെങ്കില് ഇങ്ങനെ ഉണ്ടാകുമോ എന്നും നാടുകടത്തിയത് പ്രോട്ടോകോള് പ്രകാരമാണോ എന്നും ഹൈക്കോടതി ചോദിച്ചു. 'ഇമിഗ്രേഷന് നടപടികള് പാലിച്ചോ? സിയാല് അധികൃതര് വലിയ അനാസ്ഥ കാണിച്ചു.' ഹൈക്കോടതി നിരീക്ഷിച്ചു.
സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റണ് ലാമ നല്കിയ ഹേബിയസ് കോര്പ്പസ് ഹര്ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്ശനം. 'കൊല്ലാന് വിട്ടത് പോലെയാണ് ഇതൊക്കെ കാണുമ്പോള് തോന്നുന്നത്. കുവൈറ്റിലായിരുന്നെങ്കില് ലാമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ രേഖകള് എല്ലാം എവിടെ പോയി?' എന്നും കോടതി ചോദിച്ചു.
എല്ലാവരും പോയിട്ടും സൂരജ് ലാമ വിമാനത്താവളത്തില് തന്നെ തുടര്ന്നിരുന്നു എന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥര് അദ്ദേഹത്തോട് സംസാരിച്ച ശേഷം ആലുവയില് നിന്ന് മെട്രോ കിട്ടുമെന്ന് പറഞ്ഞ് ബസില് കയറ്റി വിട്ടെന്നും പൊലീസ് നല്കിയ റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. സൂരജ് ലാമയുടേത് എന്ന് കരുതുന്ന മൃതദേഹം കളമശ്ശേരിയില് നിന്ന് കണ്ടെത്തിയതിന് പിന്നാലെ അത് സ്ഥിരീകരിക്കാനായുള്ള ഡിഎന്എ ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് കോടതിയുടെ വിമര്ശനം.
നവംബര് 30നായിരുന്നു കളമശ്ശേരി മെഡിക്കല് കോളേജിന് സമീപത്ത് നിന്നും സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓര്മശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബര് ആറിന് നെടുമ്പാശ്ശേരിയില് വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബര് 10ന് രാത്രിയോടെ എന്ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള് ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്മ നഷ്ടപ്പെട്ടതിനെ തുടര്ന്ന് ലാമയെ കുവൈറ്റില് നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സാന്റന് ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അച്ഛനെ കണ്ടെത്താന് കഴിയാത്തതിന് പിന്നാലെ സാന്റന് ലാമ ഹൈക്കോടതിയില് ഹേബിയസ് കോര്പ്പസ് നല്കി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന് 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയില് അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സര്ക്കാര് മെഡിക്കല് കോളേജില് എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം. ഓഗസ്റ്റില് കുവൈത്തിലുണ്ടായ മദ്യ ദുരന്തത്തിലാണ് ലാമയ്ക്ക് ഓര്മ നഷ്ടപ്പെട്ടതെന്ന് മകന് ഹര്ജിയില് പറഞ്ഞിരുന്നു.
Content Highlight; High Court Criticizes CIAL in Sooraj Lama Missing Case