കണ്ണൂര്‍ പിണറായിയില്‍ സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി

കണ്ണൂര്‍: പിണറായിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സിപിഐഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായി കനാല്‍ കരയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന്റെ കൈപ്പത്തി അറ്റുപോയി. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. എന്നാല്‍ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലീസ്. അപകടം നടന്ന ഉടന്‍ തന്നെ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. വിപിന്‍ രാജ് നിരവധി കേസുകളില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഇയാളുടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതര പരിക്കാണ് സംഭവിച്ചതെന്നാണ് വിവരം. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ അപകടമാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlights:Explosion in Kannur Pinarayi; CPM worker seriously injured

To advertise here,contact us