തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില് കേന്ദ്രസര്ക്കാര് പ്രദര്ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര മേളയില് പ്രദര്ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്ക്ക് പ്രദര്ശനാനുമതി നിഷേധിച്ച കേന്ദ്രസര്ക്കാര് നടപടി അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്ന്ന സര്ഗാവിഷ്കാരങ്ങളെയും അടിച്ചമര്ത്തുന്ന സംഘപരിവാര് ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്സര്ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം വിലക്കേര്പ്പെടുത്തിയ മുഴുവന് ചിത്രങ്ങളും ഐഎഫ്എഫ്കെയില് പ്രദര്ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച സിനിമകളെല്ലാം മുടക്കമില്ലാതെ പ്രദര്ശിപ്പിക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തകര്ക്കാന് അനുവദിക്കില്ലെന്നും മേളയുടെ പാമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന് കഴിയില്ലെന്നും സജി ചെറിയാന് പറഞ്ഞു. കലാവിഷ്കാരങ്ങള്ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് സജി ചെറിയാന് കൂട്ടിച്ചേര്ത്തു.
ഐഎഫ്എഫ്കെയില് 19 സിനിമകള്ക്കാണ് പ്രദര്ശനാനുമതി നിഷേധിച്ചത്. ഇതില് നാലെണ്ണത്തിന് പിന്നീട് അനുമതി നല്കി. സെന്സര് എക്സംപ്ഷന് സര്ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സിനിമകള്ക്ക് പ്രദര്ശിപ്പിക്കാനുളള അനുമതി നിഷേധിച്ചത്. പലസ്തീന് പ്രമേയമായതും കേന്ദ്ര സര്ക്കാര് നിലപാടുകളെ വിമര്ശിക്കുന്നതുമായ ചിത്രങ്ങള്ക്കാണ് അനുമതി നിഷേധിച്ചത്. സെന്സര് സര്ട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകള് എക്സംപ്ഷന് സര്ട്ടിഫിക്കറ്റോടെയാണ് സാധാരണ പ്രദര്ശിപ്പിക്കാറുളളത്. ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഈ സര്ട്ടിഫിക്കറ്റ് നല്കേണ്ടത്.
Content Highlights: All films denied permission by the central government will be screened at IFFK Chief Minister