പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണമായി നിർത്തിവയ്ക്കണമെന്ന് കളക്ടർ അറിയിച്ചു.
നവംബറിൽ കോഴിക്കോട് ജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. കോടഞ്ചേരിയിലെ മുണ്ടൂരിലെ സ്വകാര്യ പന്നിഫാമിലെ പന്നികൾക്കായിരുന്നു അന്ന് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ 20 പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ ആന്തരിക അവയവ പരിശോധനയിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
Content Highlights : African swine flu at palakkad, Restrictions imposed in four panchayaths