കോഴിക്കോട്: മലപ്പുറം തെന്നലയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ.പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ. നാണം തോന്നുന്നില്ലേ, എന്നു ചോദിച്ചുകൊണ്ടാണ് തബ്ഷീറയുടെ പ്രതികരണം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ വലമ്പൂർ ഡിവിഷനിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് നജ്മ തബ്ഷീറ.
'കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവന്റെ മുന്നിൽ കാഴ്ച വെച്ച് നേടുന്ന വോട്ട് / ഭർത്താവിന്റെ കൂടെക്കിടക്കാൻ മാത്രമുള്ളവരാണ് സ്ത്രീകൾ, പൊതു രംഗത്തേക്കിറങ്ങേണ്ടവരല്ല'എന്നു തുടങ്ങി എഴുതിയാൽ ഈ ഫീഡ് അശ്ലീലമാകുന്ന ഒരു വഷളൻ പ്രസംഗം ഇന്നലെ ഒരു ആഹ്ലാദപ്രകടനത്തിൽ തെന്നലയിലെ സിപിഐഎം ലോക്കൽ സെക്രട്ടറി സയ്യിദ് അബ്ദുൽ മജീദ് നടത്തിയിട്ട് മണിക്കൂറേറെയായി. പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ..? നാണം തോന്നുന്നില്ലേ..', തബ്ഷീറ ഫേസ്ബുക്കിൽ കുറിച്ചു.
നാക്കു പിഴയുടെ ഔദാര്യം കൊടുക്കാൻ വരട്ടെ. കയ്യടിച്ച ആൾക്കൂട്ടത്തിനും അതെ നിലപാടാണ്.രാഷ്ട്രീയം പറഞ്ഞു നടക്കുന്ന സ്ത്രീകളെ കാണുമ്പോൾ പൂതനയെന്നു വിളിക്കാൻ തോന്നുന്നവർക്കും പെമ്പിളൈകൾ ഒരുമിച്ചാൽ മറ്റേ പണിയാണെന്നു പറയുന്നവർക്കും അതേ നിലപാടാണെന്നും കുറിപ്പിൽ പറയുന്നു.
കേരളത്തിന്റെ പ്രമുഖ നടി അതിജീവിതയെക്കൊണ്ടും പോരാട്ടവുമായി മുന്നോട്ടു വന്ന കന്യാസ്ത്രീകളെക്കൊണ്ടും 'ഇന്നാട്ടിൽ എല്ലാവർക്കും ഒരേ നീതിയല്ല' എന്ന് പറയിപ്പിച്ച, കോടതിയിൽ വെച്ച് അവരെ പരാജയപ്പെടുത്തിയ സർക്കാരിനും അതേ നിലപാടാണെന്നും തബ്ഷീറ പറയുന്നു.
നജ്മ തബ്ഷീറയുടെ കുറിപ്പിന്റെ പൂർണരൂപം....
പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ..? നാണം തോന്നുന്നില്ലേ..?!'കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവന്റെ മുന്നിൽ കാഴ്ച വെച്ച് നേടുന്ന വോട്ട് / ഭർത്താവിന്റെ കൂടെക്കിടക്കാൻ മാത്രമുള്ളവരാണ് സ്ത്രീകൾ, പൊതു രംഗത്തേക്കിറങ്ങേണ്ടവരല്ല' എന്നു തുടങ്ങി എഴുതിയാൽ ഈ ഫീഡ് അശ്ലീലമാകുന്ന ഒരു വഷളൻ പ്രസംഗം ഇന്നലെ ഒരു ആഹ്ലാദപ്രകടനത്തിൽ തെന്നലയിലെ സിപിഐഎം ലോക്കൽ സെക്രട്ടറി സയ്യിദ് അബ്ദുൽ മജീദ് നടത്തിയിട്ട് മണിക്കൂറേറെയായി.പുരോഗമന കേരളത്തിന് നാക്കു പൊങ്ങുന്നില്ലേ..? നാണം തോന്നുന്നില്ലേ..?!നാക്കു പിഴയുടെ ഔദാര്യം കൊടുക്കാൻ വരട്ടെ. കയ്യടിച്ച ആൾക്കൂട്ടത്തിനും അതെ നിലപാടാണ്.രാഷ്ട്രീയം പറഞ്ഞു നടക്കുന്ന സ്ത്രീകളെ കാണുമ്പോൾ പൂതനയെന്നു വിളിക്കാൻ തോന്നുന്നവർക്കും, പെമ്പിളൈകൾ ഒരുമിച്ചാൽ മറ്റേ പണിയാണെന്നു പറയുന്നവർക്കും അതേ നിലപാടാണ്.കേരളത്തിന്റെ പ്രമുഖ നടി അതിജീവിതയെക്കൊണ്ടും, പോരാട്ടവുമായി മുന്നോട്ടു വന്ന കന്യാസ്ത്രീകളെക്കൊണ്ടും 'ഇന്നാട്ടിൽ എല്ലാവര്ക്കും ഒരേ നീതിയല്ല' എന്ന് പറയിപ്പിച്ച, കോടതിയിൽ വെച്ച് അവരെ പരാജയപ്പെടുത്തിയ സർക്കാരിനും അതേ നിലപാടാണ്. വഷളന്മാർ ഞങ്ങളെ നയിക്കേണ്ടെന്നു പ്രഖ്യാപിച്ച് തെന്നലയിലെ പെണ്ണുങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
മലപ്പുറം തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സിപിഐഎം മുൻ മുൻ ലോക്കൽ സെക്രട്ടറി കെ വി സയ്യിദ് ആണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വിജയാഹ്ലാദത്തിന് പിന്നാലെയായിരുന്നു വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് അദ്ദേഹം പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്ക് എതിരെയായിരുന്നു മജീദിന്റെ വിവാദ പരാമർശങ്ങൾ.
'വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി. അല്ലെങ്കിൽ പെണ്ണുങ്ങൾ വീട്ടിൽ ഇരിക്കട്ടെ. ഞങ്ങളുടെ മക്കൾ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭർത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്', എന്നാണ് മജീദ് പറഞ്ഞത്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല, ഇതിലും വലുത് കേൾക്കേണ്ടി വരുമെന്നും മജീദ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സയ്യിദ് അലി മാപ്പ് പറഞ്ഞു. തന്റെ പ്രസംഗം അതിരുകടന്നുവെന്നും ഒഴിവാക്കേണ്ടത് ആയിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന മജീദ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പാർട്ടി ചുമതല മറ്റൊരാൾക്ക് താൽക്കാലികമായി കൈമാറിയിരുന്നു.
Content Highlights : Adv Najma Thabsheera reacts on cpim leader sayyid ali's speech against women at malappuram thennala