എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തിന് ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പരിപാടിയിൽ നിന്ന് മാറ്റി

എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന നടന്‍ ദിലീപിനെ മാറ്റി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിര്‍വഹിക്കേണ്ടിയിരുന്നത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.

അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍ ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.

അതിനിടെ വിചാരണകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞു. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നും ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

അതിജീവിതയ്ക്ക് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടി മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മഞ്ജു ഉന്നയിച്ചത്. ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ പൊലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകുകയുള്ളുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിരുന്നു.

Content Highlights: actress attack case Dileep removed from the event related to the festival at Ernakulam Shiva temple

To advertise here,contact us