ആര്യക്കെതിരായ വിമര്‍ശനത്തില്‍ ഒറ്റപ്പെട്ട് ഗായത്രി ബാബു; പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി

അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വി ജോയ്

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല എന്നും വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നു. അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വി ജോയ് പറഞ്ഞു.

തെരഞ്ഞടുപ്പ് ഫലങ്ങൾ വന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ആര്യക്കെതിരെ ഗായത്രി ബാബു ഉന്നയിച്ചത്. 'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. ആര്യയുടെ പേര് പറയാതെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഗായത്രിയുടെ വിമർശനം. വിവാദമായതോടെ കുറിപ്പ് പിന്‍വലിച്ചിരുന്നു.

ഗായത്രി ബാബുവിന്റെ വിമർശനത്തെ മന്ത്രി വി ശിവൻകുട്ടിയും തള്ളിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ഇതിന് പിന്നാലെ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഒരിഞ്ച് പിന്നോട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.

Content Highlights: V Joy doesnt back gayathri babu at her post against Arya Rajendran

To advertise here,contact us