എവി ഗോപിനാഥനും അഗസ്തിക്കും അടിതെറ്റി: പോരിനിറങ്ങിയ മുൻ എംഎൽഎമാരില്‍ ആറില്‍ നാലുപേർക്കും വിജയം

നിയമസഭയിലെ അനുഭവസമ്പത്തുമായി തദ്ദേശഭരണ സമിതികളിലേക്ക് എത്തുന്ന നാല് പ്രമുഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയവരിൽ ഇത്തവണ മുൻ നിയമസഭാ സാമാജികരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മത്സരിച്ച ആറ് മുൻ എംഎൽഎമാരിൽ നാലുപേർ വിജയം കണ്ടപ്പോൾ, മുതിർന്ന നേതാക്കളായ രണ്ടുപേർക്ക് പരാജയം രുചിക്കേണ്ടി വന്നു. നിയമസഭയിലെ അനുഭവസമ്പത്തുമായി തദ്ദേശഭരണ സമിതികളിലേക്ക് എത്തുന്ന ആ നാല് പ്രമുഖർ ഇവരാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരിനാഥനാണ് ഒന്നാമത്തെയാൾ. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായാണ് കെ എസ് ശബരീനാഥൻ മത്സരിച്ചത്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 2015 മുതൽ 2021 വരെ അരുവിക്കര നിയോജകമണ്ഡലം എംഎൽഎ ആയിരുന്നു. 74 വോട്ടിനായിരുന്നു ശബരിനാഥിന്റെ വിജയം. കോർപ്പറേഷൻ ഭരണം പിടിക്കാൻ സാധിക്കാത്തതിനാൽ ശബരീനാഥന് മേയറാവാൻ കഴിയില്ല.

2016 മുതൽ 2021 വരെ വടക്കാഞ്ചേരി എംഎൽഎയായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കരക്കും ഉജ്ജ്വല വിജയം നേടാനായി. അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളേജിൽ നിന്നാണ് അനിൽ അക്കര വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് അനിൽ അക്കരയുടെ മിന്നും വിജയം.

പത്താം കേരള നിയമസഭയിൽ കൊല്ലം ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗമാണ് ആർ ലതാദേവി. കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച ലതാദേവിക്കും വിജയം നേടാനായി. ചടയമംഗലം ഡിവിഷനിൽ നിന്നുമാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. 26546 വോട്ടുകളാണ് ലതാദേവിക്ക് ലഭിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം വനിതാ സംവരണമായതിനാൽ ലതാദേവി പ്രസിഡന്റായേക്കും.

2006 ൽ ആറന്മുള മണ്ഡലം എംഎൽഎ ആയിരുന്ന സിപിഐഎം നേതാവ് കെ സി രാജഗോപാലാണ് വിജയിച്ച മറ്റൊരു മുൻ എംഎൽഎ. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നിന്നാണ് രാജഗോപാൽ വിജയിച്ചത്. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് രാജഗോപാലിന്റെ വിജയം. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് രാജഗോപാൽ.

പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയെങ്കിലും രണ്ട് മുൻ എംഎൽഎമാരായ നേതാക്കൾക്ക് ഇത്തവണ ജയിക്കാനായില്ല.

1991ലും 1996 ലും ഉടുമ്പൻചോലയിൽ നിന്നും 2001ൽ പീരുമേട്ടിൽ നിന്നും നിയസഭയിലെത്തി മൂന്നു തവണ എംഎൽഎ ആയ ഇ എം അഗസ്തിയാണ് പരാജയപ്പെട്ടത്. എഐസിസി അം​ഗം കൂടിയായ ഇ എം അഗസ്തി കട്ടപ്പന നഗരസഭയിലെ 22-ാം വാർഡായ ഇരുപതേക്കറിൽ നിന്നാണ് പരാജയപ്പെട്ടത്. 1991 ൽ ആലത്തൂർ എംഎൽഎ ആയിരുന്ന എ വി ഗോപിനാഥ് ആണ് പരാജയപ്പെട്ട മറ്റൊരാൾ. 25 വർഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എ വി ഗോപിനാഥ് മുൻ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടത്.

എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഐഎമ്മും സഖ്യം ചേർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ മത്സരിച്ചത്. പക്ഷെ ആറാം വാർഡിൽ മത്സരിച്ച എ വി ഗോപിനാഥ് 130 വോട്ടുകൾക്ക് പരാജയപ്പെട്ടു.

Content Highlights: local body election results 2025 former MLAs who fought and Four out of six won

To advertise here,contact us