ഇടതുപക്ഷം മറക്കാനാഗ്രിക്കുന്ന വീഴ്ച; കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ 'കാർപെറ്റ് ബോംബിംഗ്'

കാല്‍നൂറ്റാണ്ടിന് ശേഷം ഇടതിന്റെ ഉരുക്കുകോട്ട പൊളിച്ച് കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തു

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ഇടത് കോട്ടകള്‍ തകര്‍ത്ത് യുഡിഎഫ് തേരോട്ടം. കാല്‍നൂറ്റാണ്ടിന് ശേഷം ഇടതിൻ്റെ ഉരുക്കുകോട്ട പൊളിച്ച് കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. 27 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ കേവലം 16 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. 12 സീറ്റുകളില്‍ എന്‍ഡിഎയും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ സമീപകാലത്ത് ഇതാദ്യമായാണ് യുഡിഎഫ് ഇത്ര വലിയ മുന്നേറ്റമുണ്ടാക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ യുഡിഎഫിന്റെ കുരുവിള ജോസഫിനോട് പരാജയപ്പെട്ടു. മുന്‍ മേയര്‍ രാജേന്ദ്രബാബു ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷിനോട് തോറ്റു.

കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര ഹാര്‍ബര്‍, മീനത്തുചേരി, കവനാട്, കുരീപ്പുഴ, അഞ്ചാലുമ്മൂട് വെസ്റ്റ്, അഞ്ചാലുമ്മൂട് ഈസ്റ്റ്, കടവൂര്‍, വടക്കുംഭാഗം, കോളേജ് ഡിവിഷന്‍, വടക്കേവിള, പളളിമുക്ക്, കിളികൊല്ലൂര്‍, പുന്തലത്താളം, മണക്കാട്, കൊല്ലൂര്‍വിള, കയ്യാലക്കല്‍, അക്കോലില്‍, തെക്കുംഭാഗം, മുണ്ടക്കല്‍, കണ്ടോന്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം, താമരക്കുളം, പോര്‍ട്ട്, കൈക്കുളങ്ങര, തങ്കശേരി, തിരുമുല്ലാവരം, മൂലങ്കടകം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വളളിക്കീഴ്, കുരീപ്പുഴ വെസ്റ്റ്, നീരവില്‍, മതിലില്‍, കോയിക്കല്‍, മങ്ങാട്, കരികോട്, പാല്‍ക്കുളങ്ങര, അമ്മന്‍നട, അയത്തില്‍, വലത്തുങ്കല്‍, ഇരവിപുരം, ഭരണിക്കാവ്, പട്ടത്താനം, അലട്ടുകാവ്, കണ്ണിമേല്‍ എന്നീ സീറ്റുകള്‍ എല്‍ഡിഎഫും നേടി. ശക്തികുളങ്ങര, തേവളളി, ആശ്രാമം, ഉളിയകോവില്‍, ഉളിയകോവില്‍ ഈസ്റ്റ്, കടപ്പാക്കട, കളളുംതാഴം, അരുന്നോട്ടിമംഗലം, പാലത്തറ, തെക്കേവിള, കച്ചേരി, കണ്ണിമേല്‍ വെസ്റ്റ് എന്നീ വാര്‍ഡുകള്‍ ബിജെപിയും പിടിച്ചെടുത്തു.

കൊല്ലം ജില്ലാ പഞ്ചായത്തില്‍ 27 വാര്‍ഡുകളില്‍ പത്ത് സീറ്റുകളില്‍ യുഡിഎഫിന് വിജയം നേടാനായി. പതിനേഴ് സീറ്റുകളില്‍ എല്‍ഡിഎഫും വിജയിച്ചു. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു. ചാവറ, ഓച്ചിറ, പത്തനാപുരം എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മുഖത്തലയില്‍ സമനിലയിലാണ്. അഞ്ചല്‍, ചടയമംഗലം, ചിറ്റുമല, ഇത്തിക്കര, കൊട്ടാരക്കര, ശാസ്താംകോട്ട, വെട്ടിക്കവല എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2020-ല്‍ 26 അംഗ സഭയില്‍ 23 സീറ്റുകളുമായി ജയിച്ച എല്‍ഡിഎഫിന് ഇക്കുറി പതിനാറിലേക്ക് കൂപ്പുകുത്തേണ്ടിവന്നു. യുഡിഎഫ് മൂന്നില്‍ നിന്ന് പത്തെണ്ണത്തിലേക്ക് വര്‍ധിപ്പിച്ചു. കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ നിന്ന് ഒന്‍പതിലേക്ക് ഉയരാനായി.

പ്രമുഖരുടെ തോല്‍വിയടക്കം വലിയ ക്ഷീണമാണ് സിപിഐഎമ്മിനും എല്‍ഡിഎഫിനും കൊല്ലത്തുണ്ടായത്. ഏറെനാളായി പുകയുന്ന പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ മൂലം പ്രാദേശിക നേതാക്കളെ ഒഴിവാക്കി പുറത്തുനിന്നുളള നേതാക്കള്‍ക്കാണ് പാര്‍ട്ടി ചുമതല നല്‍കിയത്. ശബരിമല സ്വര്‍ണക്കൊളളയും അതില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളും ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. യുഡിഎഫ് നേരത്തെ തന്നെ കെട്ടുറപ്പോടെ പ്രവര്‍ത്തിച്ചത് മുന്നണിക്ക് നേട്ടമായി. വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയവും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ടുളള പ്രവര്‍ത്തനവുമായിരുന്നു യുഡിഎഫ് കാഴ്ച്ചവെച്ചത്. ഈ ഘടകങ്ങളാണ് യുഡിഎഫിന് കൊല്ലം കോര്‍പ്പറേഷനിലുള്‍പ്പെടെ വിജയം നേടിക്കൊടുത്തത്.

Content Highlights: Local Body Election Result 2025 UDF Secured A landslide victory in Kollam

To advertise here,contact us