'അടിവേര് ഇളകി, തളർന്നുവാടി രണ്ടില': പാല ഉള്‍പ്പെടെ ശക്തികേന്ദ്രങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി

കേരളാ കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാമെന്ന കേരളാ കോണ്‍ഗ്രസ് എം (മാണി) വിഭാഗത്തിന്റെ പ്രതീക്ഷകള്‍ വിഫലമായി. അര നൂറ്റാണ്ട് കെ എം മാണിയിലൂടെ അടയാളപ്പെട്ട പാലാ ഉള്‍പ്പെടേയുള്ള പാർട്ടി ശക്തികേന്ദ്രങ്ങളില്‍ പലതും കേരളാ കോണ്‍ഗ്രസ് എമ്മിനെ കൈവിട്ടു. കേരളാ കോണ്‍ഗ്രസ് എമ്മുമായുളള ബന്ധം കൊണ്ട് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഇത്തവണ പൊലിഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസ് എമ്മിന് കാലിടറി. കഴിഞ്ഞ തവണത്തെ പാര്‍ട്ടിയുടെ മിന്നുംപ്രകടനം കണ്ട് സീറ്റ് വിഭജനത്തില്‍ ഉദാരസമീപനമായിരുന്നു എല്‍ഡിഎഫ് ഇത്തവണ കാണിച്ചത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന് കോട്ടയം ജില്ലയില്‍ മാത്രം ആകെ 467 സീറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 48 സീറ്റ് അധികം.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഈറ്റില്ലമായ പാലാ മുനിസിപ്പാലിറ്റിയില്‍ പോലും വ്യക്തമായ ആധിപത്യത്തിലൂടെ അധികാരത്തിലേറാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. മറ്റ് മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. ബിജെപി ഭരിച്ച ഗ്രാമപഞ്ചായത്തുകളായ മുത്തോലി, പളളിക്കത്തോട് എന്നിവിടങ്ങളില്‍ അവരുടെ അക്കൗണ്ട് പൂട്ടുമെന്ന കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അവകാശവാദം വിജയം കണ്ടെങ്കിലും സ്വന്തം വാര്‍ഡില്‍ ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ജോസ് കെ മാണിയുടെ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

പിജെ ജോസഫ് നയിക്കുന്ന കേരളാ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടാണ് മാണിവിഭാഗം തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യുഡിഎഫ് തരംഗത്തില്‍ ജോസഫ് വിഭാഗം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ 23 സീറ്റുകളില്‍ ഒരു സ്വതന്ത്രനുള്‍പ്പെടെ പത്ത് സീറ്റുകളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന് നാല് സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുളളു. മറുവശത്ത് ജോസഫ് വിഭാഗമാകട്ടെ മത്സരിച്ച അഞ്ച് ഡിവിഷനുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ പതിനൊന്നില്‍ പത്തിലും കഴിഞ്ഞ തവണ ജയിച്ച എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ മാത്രമേ ജയിക്കാനായുളളു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച നാല് സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെട്ടപ്പോള്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ മത്സരിച്ച അഞ്ച് സീറ്റുകളില്‍ നാലിലും ജയിച്ച് ജോസഫ് വിഭാഗം കരുത്ത് തെളിയിക്കുകയും ചെയ്തു. മറ്റ് പലയിടങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ മാണിവിഭാഗത്തിന് സാധിച്ചതുമില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച രണ്ട് ഡിവിഷനുകളിലും ജോസഫ് വിഭാഗം വിജയിച്ചപ്പോള്‍ മാണിവിഭാഗത്തിന് പരാജയമേറ്റുവാങ്ങേണ്ടിവന്നു.

രണ്ട് വര്‍ഷത്തിനിടെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നത് ഇടുക്കി ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെടെ യുഡിഎഫ് വലിയ ലീഡാണ് ഉണ്ടാക്കിയത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം. ഇടുക്കിയില്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച നാലിടങ്ങളിലും കേരളാ കോണ്‍ഗ്രസ് എം പരാജയപ്പെട്ടു. കട്ടപ്പന നഗരസഭയില്‍ മത്സരിച്ച 12 സീറ്റില്‍ വിജയിച്ചതാകട്ടെ നാലിടങ്ങളില്‍ മാത്രം. ആറ് മാസത്തിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കണക്കുകളെല്ലാം ഗൗരവമായാണ് പാര്‍ട്ടിയും മുന്നണിയും കാണുന്നത്.

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ രാഷ്ട്രീയ ശത്രുവായ മുന്‍ സിപിഐഎം നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ വിജയവും അദ്ദേഹത്തിന് വര്‍ധിച്ചുവരുന്ന പിന്തുണയുമാണ് പാര്‍ട്ടിക്കേറ്റ മറ്റൊരു തിരിച്ചടി. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, ബിനുവിന്റെ സഹോദരന്‍ ബിജു എന്നിവര്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന ബിനുവിനെ സിപിഐഎം പിന്നീട് പുറത്താക്കുകയായിരുന്നു. ജോസ് കെ മാണിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് കേരളാ കോണ്‍ഗ്രസ് എം എതിര്‍ത്തിരുന്നു. വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് ബിനുവിനെ സിപ ഐഎം പുറത്താക്കിയത്. ബിനുവിന്റെയും മകളുടെയും വിജയവും കേരളാ കോണ്‍ഗ്രസ് എമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ല.

Content Highlights: local body election 2025 kerala congress m face setbacks in strong holds including pala

To advertise here,contact us