'സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്'; രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്

'കോൺഗ്രസ്-സിപിഐഎം സഖ്യം ആണ് ലീഗിനെതിരെ മത്സരിച്ചത്'

മലപ്പുറം: മലപ്പുറം പൊന്മുണ്ടത്ത് കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ നീക്കം ബാധിക്കുമെന്നും മുസ്‌ലിം ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു.

കോൺഗ്രസ്-സിപിഐഎം സഖ്യം ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും മൊയ്ദീൻ കുട്ടി ആവശ്യപ്പെട്ടു. ലീഗിനെതിരെ സിപിഐഎമ്മുമായി ചേർന്ന് മുന്നണി രൂപീകരിച്ചത് കോൺഗ്രസാണ്. ആകെ എടുത്ത നടപടി മണ്ഡലം കമ്മിറ്റി പിരിച്ച് വിടൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി സെക്രട്ടറിയും, ബ്ലോക്ക് പ്രസിഡന്റും അടക്കമുള്ളവർ ആണ് ലീഗിനെതിരെ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊന്മുണ്ടം പഞ്ചായത്തിൽ കോൺഗ്രസ്-സിപിഐഎം സഖ്യം 13 സീറ്റും ഒറ്റക്ക് മത്സരിച്ച ലീഗ് അഞ്ച് സീറ്റുമാണ് നേടിയത്.1969ൽ ഐക്യജനാധിപത്യ മുന്നണി സംവിധാനം നിലവിൽ വന്നെങ്കിലും പൊന്മുണ്ടത്ത് ഇതുവരെ നടന്ന ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും യുഡിഎഫ് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. യുഡിഎഫ് സംവിധാനത്തിൽ ഇത്തവണ മത്സരിക്കണമെങ്കിൽ ഒമ്പതു സീറ്റുകളും രണ്ടര വർഷം പ്രസിഡന്റ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. അനുനയ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെ ലീഗിനെതിരെ സിപിഐഎമ്മുമായി സഖ്യമുണ്ടാക്കി കോൺഗ്രസ് മത്സരത്തിറങ്ങുകയായിരുന്നു.

Content Highlight : Congress helped CPI(M) open its account in the panchayat; Muslim League against Congress

To advertise here,contact us