പാലക്കാട്: ആർക്കും കേവലഭൂരിപക്ഷമില്ലാത്ത പാലക്കാട് നഗരസഭയിൽ 'ഇൻഡ്യാ' സഖ്യം ഉണ്ടാകുമോ എന്നതിൽ ആകാംഷ. 25 സീറ്റുകൾ നേടിയ എൻഡിഎ അധികാരത്തിലേറുന്നത് തടയാൻ കോൺഗ്രസും സിപിഐഎമ്മും കൈകൊടുത്തേക്കുമെന്നാണ് സൂചന. ഇരു പാർട്ടികളുടെയും നേതാക്കൾ സഖ്യ സാധ്യത തള്ളുന്നുമില്ല.
ബിജെപിയെ മാറ്റിനിർത്താൻ ആവശ്യമെങ്കിൽ ഏത് മാർഗവും സ്വീകരിക്കും എന്നാണ് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞത്. ഒരു കാരണവശാലും ബിജെപിയും യുഡിഎഫും യോജിച്ച് പോകില്ല. അതുകൊണ്ട് നല്ല മാർഗമാണെങ്കിൽ, അത് നൂറ് ശതമാനം ശരിയായതാണെങ്കിൽ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
സഖ്യ സാധ്യത പാലക്കാട്ടെ സിപിഐഎമ്മിലെ മുതിർന്ന നേതാവായ എൻ എൻ കൃഷ്ണദാസും തള്ളുന്നില്ല. എൽഡിഎഫിന് അപ്രതീക്ഷിതമായ പരാജയമാണ് തെരഞ്ഞടുപ്പിൽ ഉണ്ടായത്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ തോൽപിക്കണം എന്നതാണ് സിപിഎഐഎം എടുത്തിട്ടുള്ള നിലപാട്. അതേസമയം ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായിട്ടോ, നേരെ തിരിച്ചോ, ഇവരെ രണ്ടുപേരെയും തോൽപ്പിക്കാൻ എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ ബന്ധമുണ്ടാകുക ആപൽക്കരമാണ്. എന്നാൽ ചില പ്രത്യേക സ്ഥിതിയിൽ എന്ത് വേണം എന്നത് ആ സമയം വരുമ്പോൾ ആലോചിക്കും എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.
10 വർഷമായി ബിജെപി ഭരിച്ചിരുന്ന പാലക്കാട് നഗരസഭയിൽ ഇപ്രാവശ്യം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ബിജെപിക്ക് ഇപ്രാവശ്യം 25 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് 17, എൽഡിഎഫ് 8, സ്വതന്ത്രൻ 3 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. ഭരണം ലഭിക്കാൻ 27 സീറ്റുകളാണ് കക്ഷികൾക്ക് വേണ്ടത്.
Content Highlights: Congress and CPIM doesnt rule out chances of coalition