മുട്ടട അംശുവിനെ തുണച്ചില്ല; വൈഷ്ണ സുരേഷിന് വിജയം

കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തിരുന്നു

തിരുവനന്തപുരം: വിവാദങ്ങള്‍ കരുത്തായപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അംശു വാമദേവനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വൈഷ്ണയുടെ വിജയം. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. പരീക്ഷണം വെറുതെയായില്ലെന്ന് വ്യക്തമാക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം.

കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെ വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതോടെ വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.

കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്നും വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.

Content Highlights: vyshna suresh won in muttada ward

To advertise here,contact us