തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് മിന്നും വിജയം സ്വന്തമാക്കി കെ എസ് ശബരീനാഥന്. കവടിയാര് വാര്ഡിലാണ് ശബരീനാഥന് വിജയിച്ചത്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോണ്ഗ്രസ് വിജയിച്ച വാര്ഡാണ് കവടിയാര്. ഇത്തവണ ആ ഞാണിന്മേല് കളിയില്ലാത്ത വിജയമാണ് ശബരീനാഥന് നേടിയിരിക്കുന്നത്.
തിരുവനന്തപുരം കോര്പറേഷനില് കരുത്തുക്കാട്ടാന് ഉറച്ചാണ് കെ എസ് ശബരീനാഥനെ കോണ്ഗ്രസ് രംഗത്തിറക്കിയത്. കെപിസിസി ജനറല് സെക്രട്ടറിയായ ശബരീനാഥനെ മുന്നില് നിര്ത്തികൊണ്ട് യുവാക്കളെ ആകര്ഷിക്കാനായിരുന്നു കോണ്ഗ്രസ് ശ്രമിച്ചത്. ഈ പ്ലാന് ഫലം കണ്ട് തുടങ്ങുന്നുണ്ടെന്നാണ് ശബരീനാഥന്റെ വിജയം കാണിക്കുന്നത്.
നിലവില് തിരുവനന്തപുരം കോര്പറേഷനില് എന്ഡിഎയാണ് മുന്നിട്ട് നില്ക്കുന്നത്. എല്ഡിഎഫും യുഡിഎഫും തമ്മില് കുറഞ്ഞ സീറ്റുകളുടെ വ്യത്യാസം മാത്രമാണ് നിലവില് ഉള്ളത്. 30 സീറ്റുകളുടെ ഫലം കൂടിയാണ് ഇനി വരാനുള്ളത്.
അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില് യുഡിഎഫാണ് മുന്നിട്ടുനില്ക്കുന്നത്. ഇടത് കോട്ടകളില് പോലും എല്ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്ഡിഎ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പുരോഗമിക്കുകയാണ്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില് 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്ഡുകള്, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്ഡുകള്, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്ഡുകള്, 86 നഗരസഭകളിലെ 3,205 വാര്ഡുകള്, 6 കോര്പ്പറേഷനുകളിലെ 421 വാര്ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല് ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര് 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര് 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില് 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
Content Highlights: Local Body Election Results: K S Sabarinadahan wins in Kowdiar