'പൊതിച്ചോർ വിതരണം നാളെയും മുടങ്ങില്ല, രക്തം നൽകാനുണ്ടെങ്കിൽ അതും നൽകും'; ജയപരാജയങ്ങൾ ബാധിക്കില്ലെന്ന് ബിനീഷ്

ജനങ്ങളോടുള്ള ഇടപെടലുകൾ നിലയ്ക്കാതെ തുടരുമെന്നും ബിനീഷ് കോടിയേരി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജയപരാജയങ്ങൾ ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ഒരിക്കലും ബാധിക്കില്ലെന്ന് ബിനീഷ് കോടിയേരി. ഇടത് യുവജന സംഘടനകൾ നൽകുന്ന പൊതിച്ചോർ, രക്തദാന സേവനങ്ങൾ ചൂണ്ടികാട്ടിയായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. ജനങ്ങളോടുള്ള ഇടപെടലുകൾ നിലയ്ക്കാതെ തുടരുമെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

'ആശുപത്രികളിലെ പൊതിച്ചോർ വിതരണം നാളെയും മുടങ്ങില്ല. ആർക്കെങ്കിലും രക്തം നൽകാൻ ഉണ്ടെങ്കിൽ നാളെയും അത് കൃത്യമായി നൽകും.കുടിവെള്ളം നൽകുന്നിടത് നാളെയും സഖാക്കൾ അത് കൃത്യമായി ചെയ്യും. ആർക്കെങ്കിലും ഒരു സഹായം നാളത്തേക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ സഖാക്കൾ കൃത്യമായി തന്നെ എത്തും. കാരണം ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളെ പഠിപ്പിക്കുന്നത് വെറും പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല. അത് ജനങ്ങളോടുള്ള നിരന്തരമായ ഇടപെടലുകളാണ്.നിലയ്ക്കാതെ അത് തുടരും. ഒരു ഇലക്ഷൻ ജയപരാജയങ്ങളും അതിനെ ബാധിക്കില്ല'; എന്നാണ് ബിനീഷ് കോടിയേരിയുടെ പ്രതികരണം.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 340 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്.

26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.

Content Highlights; bineesh kodiyeri on election performance and on pothichor and blood donation

To advertise here,contact us