'ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു'

ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നുവെന്നും ദേശാഭിമാനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി കിട്ടിയില്ലെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുവെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അപ്പീല്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും കഠിനയത്നം നടത്തിയെന്നും 'നീതിയുടെ വാതില്‍ അടയുന്നില്ല' എന്ന തലക്കെട്ടോട് കൂടിയുള്ള ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ വെറുതെ വിട്ടതിന് കോടതി പറയുന്ന കാരണം എന്തെന്നറിയാന്‍ വിശദമായ വിധിന്യായം പരിശോധിക്കേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ആറ് പ്രതികളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കോടതി അംഗീകരിച്ചു. അതേസമയം, ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നുവെന്നും ലേഖനത്തില്‍ സൂചിപ്പിച്ചു.

'കേസിന്റെ തുടക്കംമുതല്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു. ഓരോ ഘട്ടത്തിലും അതിജീവിതയുടെ താല്‍പ്പര്യപ്രകാരമാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അപ്പീല്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ദിലീപിനെ വെറുതെ വിട്ടതോടെതന്നെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിക്ക് പൂര്‍ണനീതി ലഭ്യമായിട്ടില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ട്', ലേഖനത്തില്‍ പറയുന്നു.

ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, ഈ കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ലായിരുന്നുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് എല്ലാ കേസിലും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഇനിയും ആ വഴിക്ക് മുന്നേറുമെന്നും ദേശാഭിമാനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷാ വിധി വന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അദ്ദേഹത്തിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് 1709 പേജുള്ള ശിക്ഷാവിധിയില്‍ കോടതി പറയുന്നത്.

ദിലീപില്‍ നിന്ന് പണം വാങ്ങാന്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഗൂഢാലോചനാവാദം പൂര്‍ണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയില്‍ നിര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്റെ നീക്കങ്ങള്‍. ജയിലിലെ പ്രതികളുടെ ഫോണ്‍ ഉപയോഗം തെളിയിക്കാനായില്ല. ജയിലില്‍നിന്ന് പ്രതികള്‍ ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.

Content Highlights: actress attack case verdict Dheshabhimani editorial about Dileep

To advertise here,contact us