ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; സംഭവം പാമ്പാടിയിൽ

ഇടിച്ച കാറില്‍ തന്നെ എമിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയം: ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. പാമ്പാടി വെളളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.തിരുവഞ്ചൂരിലെ പളളിയില്‍ നിന്നും മുത്തുക്കുട എടുത്ത് തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു.

ഓട്ടോ റോഡരികില്‍ ഒതുക്കി. തുടര്‍ന്ന് എമില്‍ റോഡിലിരുന്ന് ഓട്ടോയുടെ അടിഭാഗം പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച കാറില്‍ തന്നെയാണ് എമിലിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്തു.

Content Highlights: youth killed in car accident at manarkad

To advertise here,contact us