പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡ്; ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കും: ലീഗ് നേതാക്കൾ

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി തങ്ങൾ എന്നിവർ വോട്ട് രേഖപ്പെടുത്തി.

യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് സ്വാധീന മേഖലകളിൽ ഉയർന്ന പോളിങ് ഉണ്ടാകുമെന്നും മുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യമാണ് ഉള്ളതെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. പാർലമെന്റിൽ കണ്ട അതേ ട്രെൻഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോർപ്പറേഷനിൽ യുഡിഎഫിന് പ്രതീക്ഷക്കുറവുകൾ ഇല്ല. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

1,53,37,176 കോടി വോട്ടര്‍മാരാണ് ഏഴ് ജില്ലകളിലായി വിധിയെഴുതുന്നത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറെയുള്ളത് രണ്ടാംഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത് 2,005 പ്രശ്ന ബാധിത ബൂത്തുകളാണ് ഈ ഏഴ് ജില്ലകളിലായി ഉള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീതിയുമുണ്ട്.

Content Highlights: Muslim league leaders casted vote at Malappuram

To advertise here,contact us