രാഹുലേട്ടന്റെ കൂടെ ഉണ്ടാവും; പിന്തുണയുമായി കെഎസ്‌യു പാലക്കാട് ജനറല്‍ സെക്രട്ടറി

15 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.

പാലക്കാട്: ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്‌യു പാലക്കാട് ജനറല്‍ സെക്രട്ടറി ഇക്ബാല്‍. കോണ്‍ഗ്രസ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തുവെന്ന് പറഞാലും പാലക്കാടിന്റെ എംഎല്‍എയാണ് രാഹുല്‍. രാഹുലേട്ടന്റെ കൂടെയുണ്ടാകും. എംഎല്‍എയുടെ കൂടെ വരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

15 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്. രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് പാലക്കാട് എംഎല്‍എ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാനും എംഎല്‍എ തയ്യാറായി. 'എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും' എന്നായിരുന്നു വോട്ട് ചെയ്തിറങ്ങിയ രാഹുലിന്റെ പ്രതികരണം. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമെത്തിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാവില്ലെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി പരാമര്‍ശിച്ചു.

ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

To advertise here,contact us