'സഹായിക്കാനായി തിരശ്ശീലയ്ക്ക് പിന്നില് മറ്റാരോ ഉണ്ടെന്ന കാര്യം വ്യക്തമാണ്' 2024 ജൂണില് പള്സര് സുനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിലെ വരികളാണ് ഇത്. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയ നാള് മുതല് കേരളത്തിലെ ആളുകള് കേള്ക്കുന്ന പേരാണ് പള്സര് സുനി എന്നത്. അറസ്റ്റിലായ അന്ന് മുതല് പള്സര് സുനി ആര്, എന്ത്?, പ്രമുഖരുമായി ഇയാള്ക്കുള്ള ബന്ധമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളും മെനഞ്ഞെടുത്തതും അല്ലാത്തതുമായ പല കഥകളും പുറത്തുവന്നിരുന്നു.
പെരുമ്പാവൂര് അകനാട്ടിലെ ഇളമ്പകപ്പള്ളിയില് നിന്നും വന്ന സുനില് കുമാര് എങ്ങനെ പള്സര് സുനിയും അവിടെ നിന്ന് സിനിമാക്കാരുടെ സുനിക്കുട്ടനുമായി എന്നതാണ് പ്രധാന ചോദ്യം. പള്സര് ബൈക്കുകള് തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നതിനാല്, പള്സര് ബൈക്കുകളോടുള്ള പ്രിയം കാരണം, ആദ്യമായി നാട്ടില് പള്സര് ബൈക്ക് വാങ്ങിയതിനാല് എന്ന് തുടങ്ങി 'പള്സര്' സുനി എന്ന പേരിന് പിന്നിലേത് എന്ന തരത്തില് പ്രചരിക്കുന്നത് പല കഥകളാണ്. കുറ്റകൃത്യങ്ങളുടെ ലോകം പള്സര് സുനിക്ക് അപരിചിതമായിരുന്നില്ല. 20 വയസിന് മുന്നേ തന്നെ ലഹരി, മോഷണം, കള്ളപ്പണം വെളുപ്പിക്കല് തുടങ്ങിയ കുറ്റകൃത്യങ്ങളില് ഇയാള് ഏര്പ്പെട്ടിരുന്നു. എന്നാല് സ്വന്തം നാട്ടില് അധികകാലം തമ്പടിക്കാത്ത ഇയാളെക്കുറിച്ച് നാട്ടുകാര്ക്കുള്ള അറിവും പരിമിതമാണ്.
നാട്ടിലും വീട്ടിലുമില്ലാതെ കുറ്റകൃത്യങ്ങളുടെ ലോകത്ത് ജീവിക്കുന്നതിനിടെയാണ് പള്സര് സുനി സിനിമ മേഖലയില് എത്തുന്നത്. എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബ് ഉണ്ടാക്കുന്നതോടെയാണ് പള്സര് സുനിയുടെ സിനിമ മേഖലയിലേക്കുള്ള പ്രവേശനം. സിനിമയില് നിന്നും മറ്റുമുള്ള പ്രമുഖര് ബന്ധപ്പെട്ടാല് ആവശ്യത്തിന് ടാക്സികള് ഏര്പ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ക്ലബിന്റെ ഉദ്ദേശം. അങ്ങനെ സിനിമാക്കാര്ക്കൊപ്പമുള്ള സുനിയുടെ യാത്ര ആരംഭിച്ചു. പിന്നാലെ മലയാള സിനിമ മേഖലയിലെ പലരുടെയും വിശ്വസ്തനായി പള്സര് സുനി മാറി. പല നായികമാരുടെയും ഡ്രൈവറായും സിനിമ സെറ്റുകളിലെ വാഹനങ്ങളോടിച്ചും മലയാള സിനിമയില് കൂടുതല് ബന്ധങ്ങളുണ്ടാക്കാന് പള്സര് സുനിക്ക് കഴിഞ്ഞു.
ഷൂട്ടിങ് സെറ്റുകളില് താരങ്ങള്ക്കുള്പ്പെടെ പലര്ക്കും അപ്പോഴേക്കും പള്സര് സുനി, സുനിക്കുട്ടനായിരുന്നു. പല കേസുകളിലും പ്രതിയായതിനിടെ തന്നെയായിരുന്നു സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നത്. എന്നാല് 2013ല് ഇയാളെ പറഞ്ഞുവിട്ടതായി മുകേഷ് വ്യക്തമാക്കിയിരുന്നു.
എന്നാല് സിനിമ മേഖലയില് പ്രവര്ത്തിക്കുമ്പോളും കുറ്റം ചെയ്യുന്നതില് കുറവൊന്നും ഉണ്ടായിരുന്നില്ല. 2013 കാലത്ത് നിരവധി തവണ സുനില് സുരേന്ദ്രന് എന്ന പേരില് പള്സര് സുനി ദുബായ് യാത്ര നടത്തിയതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ദുബായില് നടന്നിട്ടുള്ള പല അനാശാസ്യ കേസുകളിലും പള്സര് സുനിക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില് അറസ്റ്റിലാകുന്നതോടെയാണ് പള്സർ സുനി എന്ന ക്രിമിനല് മാധ്യമശ്രദ്ധയിലേക്ക് വരുന്നത്. പിന്നാലെ പള്സര് ജയിലില് നിന്നും അയച്ച ഒരു കത്തിനെ ചൊല്ലിയുള്ള അന്വേഷണത്തിന് ഒടുവിലാണ് കേസില് ദിലീപും പ്രതിചേർക്കപ്പെടുന്നത്. ജൂണ് 28ന് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ജൂലൈ 10 ലെ മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിന് ഒടുവില് ദിലീപ് അറസ്റ്റിലായി.
2017 ഫെബ്രുവരി 23 മുതല് നീണ്ട ഏഴര വര്ഷങ്ങള് പള്സര് സുനി അഴിക്കുള്ളില് കഴിഞ്ഞു. ഈ കാലയളവിനിടെ പള്സര് സുനി സമര്പ്പിച്ച പത്ത് ജാമ്യ ഹര്ജികളാണ് ഹൈക്കോടതി തള്ളിയത്. തുടര്ച്ചയായി ജാമ്യഹര്ജി സമര്പ്പിച്ചതിന് 25,000 രൂപ പിഴയിടുകയും ചെയ്തു. ഒരിക്കല് ജാമ്യ ഹര്ജി നല്കി മൂന്ന് ദിവസങ്ങള്ക്കിപ്പുറം പള്സര് സുനി വീണ്ടും ഹര്ജി സമര്പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടിയെടുത്തത്. ഹൈക്കോടതിയില് കൂടാതെ സുപ്രീം കോടതിയിലും പള്സര് സുനിയുടെ ജാമ്യ ഹര്ജികള് പലതവണ തള്ളിയിരുന്നു. പിന്നീട് 2024ലാണ് സുപ്രീം കോടതി പള്സര് സുനിക്ക് ജാമ്യം അനുവദിച്ചത്.
നടിയെ ആക്രമിച്ച കേസില് പള്സര് സുനി കീഴടങ്ങാനെത്തിയത് പോലും നാടകീയമായിട്ടായിരുന്നു. അഭിഭാഷകനെന്ന് തോന്നിപ്പിക്കും വിധത്തില് വസ്ത്രം ധരിച്ച് ഹെല്മെറ്റ് ധരിച്ച് ഒരു പള്സര് ബൈക്കിലായിരുന്നു ഇയാള് കോടതി വളപ്പില് എത്തിയത്. എന്നാല് കോടതിയില് കയറും മുന്പ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ട്രാവലറുകളില് ഒന്നിന്റെ ഡ്രൈവറായിരുന്നു പള്സർ സുനിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlight; Who is Pulsar Suni, The Prime Accused In The Dileep Actress Case