

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന സംവാദ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാം എന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പി ആര് ഏജന്സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയ്യാറായതിന് അഭിനന്ദിക്കുന്നു എന്നും സതീശൻ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ചോദ്യത്തിനും സതീശൻ മറുപടി നൽകി. ലൈംഗിക ആരോപണ കേസില് ഉള്പ്പെട്ട രണ്ടു പേര് ഇപ്പോഴും അങ്ങയോടൊപ്പമില്ലേ എന്നും ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര് കാട്ടിയ വിക്രിയകള് മറന്നതോ, മറന്നെന്നു നടിക്കുന്നതോ എന്നുമാണ് സതീശൻ മറുപടി നൽകിയത്. തുടർന്ന് ലൈഫ് മിഷൻ, വിഴിഞ്ഞം, തുരങ്കപാത തുടങ്ങി മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങൾക്കും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
ലൈഫ് മിഷൻ അടക്കമുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്നുള്ള എം എം ഹസ്സന്റെ പരാമർശത്തിൽ വി ഡി സതീശന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിനോട് ഹസ്സൻ എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും ഇങ്ങനെ ക്യാപ്സൂളുകൾ വിതരണം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വികസനപ്രവർത്തനങ്ങളെ തള്ളിപ്പറയുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ധനകാര്യ മിസ് മാനേജ്മെന്റിന്റെ പേരാണ് കിഫ്ബി എന്നും ഉയര്ന്ന പലിശയ്ക്ക് കടം വാങ്ങാനുള്ള മറ്റൊരു മാര്ഗം മാത്രമാണ് കിഫ്ബി എന്നും സതീശൻ മറുപടി നൽകി. ചൂരൽമല ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചപ്പോൾ വീട് നിര്മ്മാണത്തിനായി തങ്ങള് മൂന്ന് സ്ഥലങ്ങള് കണ്ടെത്തിയിട്ടുണ്ടെന്നും നിയമ പ്രശ്നങ്ങള് ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന് നിര്മ്മാണം ആരംഭിക്കുമെന്നുമായിരുന്നു സതീശൻ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളോടായി പ്രതിപക്ഷം സ്വീകരിച്ച സമീപനം ചോദ്യംചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കിഫ്ബി, ഗെയിൽ പൈപ്പ്ലൈൻ, വിഴിഞ്ഞം തുടങ്ങി നിരവധി പദ്ധതികളിൽ പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാടുകളെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്, പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സതീശൻ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
Content Highlights: vd satheesan accepts pinarayi vijayans invitation for debate