സൂപ്പർ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയില്‍വെ

യാത്ര തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും വന്ദേഭാരതില്‍ നൂറ് ശതമാനം ബുക്കിങുകള്‍ പൂര്‍ത്തിയായതായി റെയില്‍ വ്യക്തമാക്കി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത പലരും കാണിക്കാറുണ്ട്. അപ്പോള്‍ സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിന് ആവശ്യക്കാരുണ്ടാകുന്നതില്‍ അത്ഭുതമില്ല.

യാത്ര തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും ബെംഗളൂരു- എറണാകുളം വന്ദേഭാരതില്‍ നൂറ് ശതമാനം ബുക്കിങുകള്‍ പൂര്‍ത്തിയായതായി റെയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാലയളവില്‍ 55,000ത്തിലധികം ആളുകളാണ് ഈ വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നും റെയില്‍വേ പറയുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ ഹൈസ്പീഡ് പ്രീമിയം ട്രെയിനാണ് ഈ വന്ദേഭാരത്.

നവംബറില്‍ ബെംഗളൂരു- എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് യാത്ര ചെയ്തത്. ശരാശരി ബുക്കി 127% ആണെന്നും റെയില്‍വേ വ്യക്തമാക്കി. ഡിസംബര്‍ 10 ആവുമ്പോഴേക്കും 16,129 യാത്രക്കാർ ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ സഞ്ചരിച്ചതായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേസ് ബെംഗളൂരു ഡിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ 12,786 പേരായിരുന്നു എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു.

വെയിറ്റിംഗ് ലിസ്റ്റുകള്‍ ഉള്‍പ്പെടെ കണക്കാക്കി ശരാശരി രേഖപ്പെടുത്തുന്നതിനാലാണ് 100 കൂടുതല്‍ ശതമാന കണക്ക് ഇതില്‍ കാണാനാവുന്നത്. 100 സീറ്റുകളും ബുക്ക് ആവുകയും 27 സീറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പെടുകയും ചെയ്യുമ്പോള്‍ 127% ആയി കണക്കാക്കുന്നു. ക്രിസ്മസ്, പുതുവത്സരം, ശബരിമല സീസണ്‍ എന്നിവ ഒരുമിച്ച് വന്നതിനാല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകത വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം അവസാനം വരെയുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഫുള്‍ ആയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാര്‍, ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കിടയിലെ എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ജനപ്രീതിയും വര്‍ധിച്ചു വരികയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight; Vande Bharat train from Bengaluru to Ernakulam transports 55,000 passengers

To advertise here,contact us