'യുഡിഎഫിന്റേത് സ്ത്രീവിരുദ്ധ നിലപാട്'; രമേശ് ചെന്നിത്തലയേയും വി ഡി സതീശനെയും ജെബിയേയും പരാമർശിച്ച് ദേശാഭിമാനി

പാലക്കാട് എംഎല്‍എ എവിടെ എന്നുപോലും പറയാനാകാത്തവിധം സ്ത്രീപീഡനക്കേസില്‍ കോണ്‍ഗ്രസ് നാണംകെട്ട് നില്‍ക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ നയം വ്യക്തമാക്കിയതെന്നും ദേശാഭിമാനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നീതി ലഭിച്ചുവെന്ന പ്രസ്താവനയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിട്ട് സിപിഐഎം മുഖപത്രം ദേശാഭിമാനി. എത്രത്തോളം സ്ത്രീവിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസും യുഡിഎഫും പിന്തുടരുന്നതെന്ന് വ്യക്തമാണെന്നും കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലാപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നതെന്നും ദേശാഭിമാനി വിമര്‍ശിച്ചു.

കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നതിനിടയില്‍ സിബിഐ അന്വേഷണം വേണമെന്ന തടസ്സവാദം ഉന്നയിച്ചത് അന്നത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ദിലീപിന്റെ ഉറ്റസുഹൃത്തായ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ആദ്യംമുതല്‍ അവസാനംവരെ നടനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതും കേരളം കണ്ടു. നടി ആക്രമിക്കപ്പെട്ട ശേഷം എംഎല്‍എ, ദിലീപിന്റെ വീട്ടിലെത്തി പലവട്ടം ചര്‍ച്ചകള്‍ നടത്തിയത് വിവാദമായിരുന്നു. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന എംഎല്‍എ, നടന്‍ നിരപരാധിയെന്ന അഭിപ്രായപ്രകടനം നടത്തിയതും ചര്‍ച്ചയായി. അന്ന് എംഎല്‍എക്കെതിരെ പൊതുവികാരം ഉയര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തിയത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. യുഡിഎഫ് ഭരിക്കുന്ന ആലുവ മുനിസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷച്ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിച്ച് ലോഗോ പ്രകാശിപ്പിച്ചു. ഇന്ന് രാജ്യസഭാ എംപിയായ മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ അന്ന് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണായിരുന്നു. അവര്‍ ചടങ്ങില്‍ ദിലീപിനൊപ്പം സെല്‍ഫി എടുത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദിലീപിനെ പൊതുചടങ്ങുകളില്‍നിന്ന് ഒഴിവാക്കിയപ്പോഴായിരുന്നു ഈ പ്രതിച്ഛായ വീണ്ടെടുക്കല്‍ നാടകം', ദേശാഭിമാനി എഡിറ്റോറിയല്‍ ചൂണ്ടാക്കാട്ടി.

പാലക്കാട് എംഎല്‍എ എവിടെ എന്നുപോലും പറയാനാകാത്തവിധം സ്ത്രീപീഡനക്കേസില്‍ കോണ്‍ഗ്രസ് നാണംകെട്ട് നില്‍ക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ നയം വ്യക്തമാക്കിയത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുക, ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ ഗുരുതര കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട് രണ്ട് കേസുകളില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കംമുതല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ദേശാഭിമാനി വിമര്‍ശിച്ചു.

എട്ടരവര്‍ഷം മുമ്പത്തെ ആ ദിനത്തെ നീതിക്കായുള്ള പോരാട്ടത്താല്‍ അതിജീവിച്ച പെണ്‍കുട്ടിക്കൊപ്പം സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും നിലകൊള്ളുമ്പോഴാണ് യുഡിഎഫിന്റെ അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് മറനീക്കി പുറത്തുവന്നത്. സ്ത്രീസുരക്ഷയും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഈ നിലപാടിനെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുകതന്നെ ചെയ്യുമെന്നും ദേശാഭിമാനി കുറ്റപ്പെടുത്തി.

Content highlights: UDF's anti-women stance in actress attack case deshabhimani editorial

To advertise here,contact us