കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ 28 സാക്ഷികൾ പൊലീസിന് നൽകിയ മൊഴി പുറത്ത് വിടണമെന്ന് റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആർ റോഷിപാൽ. സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കർ, നാദിർഷാ, ഇടവേള ബാബു അടക്കമുള്ളവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ചിത്രീകരിച്ചിട്ടുണ്ടെന്നും റോഷിപാൽ ചൂണ്ടിക്കാണിച്ചു. എട്ട് വർഷക്കാലം നടിയെ ആക്രമിച്ച കേസ് പിന്തുടരുകയും കേസിൽ നിർണായകമായി പല വിവരങ്ങളും പുറത്തെത്തിക്കുകയും ചെയ്ത ആർ റോഷിപാൽ കേസിന്റെ നാൾവഴികൾ റിപ്പോർട്ടറുമായുള്ള മുഖാമുഖത്തിലാണ് വീണ്ടും ഓർമ്മിച്ചത്.
തൻ്റെ സിനിമയിൽ നിന്ന് നിരന്തരം ഒഴിവാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞിരുന്നു എന്നായിരുന്നു പൊലീസിന് ഇടവേള ബാബു നൽകിയ മൊഴി. പിന്നീട് ഈ മൊഴി ഇടവേള ബാബു കോടതിയിൽ തിരുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായിരുന്ന ദിലീപിന് പൂർവ്വവൈരാഗ്യമുണ്ടെന്ന് തെളിയിക്കുന്ന മൊഴികളായിരുന്നു സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കർ, നാദിർഷാ, ഇടവേള ബാബു തുടങ്ങിയവരെല്ലാം പൊലീസിന് നൽകിയത്. ആ മൊഴികൾ ഏറ്റവും സുപ്രധാനമായിരുന്നു. ഗൂഢാലോചനയെ സാധൂകരിക്കുന്നതായിരുന്നു കോടതിയിൽ മൊഴിമാറ്റിയവർ നേരത്തെ പൊലീസിന് നൽകിയ മൊഴിയെന്നും റോഷിപാൽ ചൂണ്ടിക്കാണിച്ചു. സ്ത്രീകൾ പോലും വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും റോഷിപാൽ കുറ്റപ്പെടുത്തി.
നടിയെ ആക്രമിച്ച സംഭവം നടന്ന ദിവസം ദിലീപ് ആരോഗ്യം ക്ഷയിച്ച് ആശുപത്രിയിലായിരുന്നു എന്ന് കാണിക്കുന്ന വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയിരുന്നു. അൻവർ ആശുപത്രിയിലെ ഡോ. അൻവർ നൽകിയ മെഡിക്കൽ രേഖ വ്യാജമായിരുന്നെന്ന് കോടതിയിൽ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സമയത്ത് ദിലീപ് ചികിത്സതേടിയിട്ടില്ലെന്ന് ഡോ.ഹൈദരലി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പിന്നീട് ഡോകടർ കോടതിയിൽ മൊഴിമാറ്റുകയായിരുന്നു.
28പേർ മൊഴിമാറ്റിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ പോലും പകച്ച് പോയത് റോഷിപാൽ ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധിഘട്ടത്തിലും പ്രോസിക്യൂഷൻ പോരാട്ടം തുർന്നെന്നും അവരെ തള്ളിപ്പറയാൻ കഴിയില്ലെന്നും റോഷിപാൽ പറഞ്ഞു. വിചാരണക്കിടെ രണ്ട് പ്രോസിക്യൂട്ടർമാർ വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒഴിവായതും റോഷിപാൽ ഓർമ്മിച്ചു.
നടിയെ ആക്രമിച്ച കേസിൽ സംഭവം നടക്കുമ്പോൾ ക്രൂരകൃത്യം നടന്ന വാഹനത്തിന് പിന്നിലെ വാഹനത്തിൽ എട്ടാം പ്രതിയായിരുന്ന ദിലീപുമുണ്ടായിരിക്കാമെന്നും ആർ റോഷിപാൽ സംശയം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയം അന്വേഷണ സംഘത്തിനുമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി ഈ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്ന തെളിവുകൾ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കിട്ടിയിരുന്നുവെന്നും റോഷിപാൽ പറഞ്ഞു.
'മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ പ്രതികൾക്ക് അനുകൂലമായ നിലപാടെടുത്തിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. അങ്കമാലിയിലെ അഡ്ലസ് മുതലാണ് ഈ ആക്രമണം നടക്കുന്നത്. പൾസർ സുനിയും സംഘവും സഞ്ചരിച്ച വാഹനം, അതിജീവിത സഞ്ചരിച്ച വാഹനം അതിന് പുറമേ ഒരു വാഹനവുമുണ്ടായിരുന്നു. അതിൽ ദിലീപിന്റെ ഡ്രൈവറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയാണുണ്ടായിരുന്നത്. അന്ന് പതിവിലില്ലാത്ത തരത്തിൽ ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ദിലീപ് എന്തിനാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തത്', റോഷിപാൽ ചോദിക്കുന്നു.
സാധാരണ പൊലീസ് അന്വേഷിക്കുമ്പോൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കും. അങ്ങനെയാണ് ദിലീപിൻ്റെ ഫോൺ സ്വിച്ച് ഓഫായ കാര്യം ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കറുവറ്റിയിൽ നിന്നും ആലുവ മാർക്കറ്റ് വരെ അപ്പുണ്ണിയുടെ മൊബൈൽ ഫോൺ ആക്രമണം നടന്ന വാഹനത്തിന്റെ സഞ്ചാരപാതയിലുണ്ട്. അവിടെ നിന്ന് ദിലീപിന്റ സഹോദരി സബിതയുടെ മൊബൈലിലേക്കാണ് കോൾ പോകുന്നത്. 22 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഇത് സിഡിആറിലുള്ളതാണെന്നും താൻ വെറുതെ പറയുന്നതല്ലെന്നും റോഷിപാൽ പറഞ്ഞു.
'അപ്പുണ്ണി ഈ സമയത്ത് കുറ്റകൃത്യം നടന്ന വാഹനത്തിന്റെ തൊട്ട് പിന്നിലുള്ള വാഹനത്തിലുണ്ടെന്ന് സംശയിക്കുന്ന തെളിവാണിത്. പക്ഷേ അത് പുറത്തെത്തുന്നത് വൈകിപ്പോയി. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഒരു പക്ഷേ ആ വാഹനത്തിൽ ദിലീപുണ്ടെങ്കിലോ? ദിലീപ് പലപ്പോഴും അപ്പുണ്ണിയുടെ മൊബൈലിലാണ് സംസാരിക്കുന്നത്. അങ്ങനെയെങ്കിൽ അപ്പുണ്ണിക്കൊപ്പം ആ വാഹനത്തിൽ ദിലീപുമുണ്ടെങ്കിലോ? ദിലീപിന്റെ നിരീക്ഷണത്തിലാണ് ഈ ക്രൂരകൃത്യം നടക്കുന്നതെങ്കിലോ? ആ സംശയമുണ്ട്. ആ സംശയം തെളിയിക്കാൻ പറ്റുന്ന രീതിയിൽ അന്വേഷണ സംഘത്തിന് രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം ആദ്യത്തെ അന്വേഷണ സംഘം സംശയമുനയിലാണ്. അന്നത്തെ പൊലീസ് മേധാവി അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. തെളിവുകൾ കോടതിയിലുണ്ട്. നാല് തവണയാണ് അന്നത്തെ പൊലീസ് മേധാവിക്കെതിരെ റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയത്', റോഷിപാൽ പറഞ്ഞു.
Content Highlights: The statements given to the police by the 28 people who changed their statements should be released