സുനിൽ കുമാറിന് മാനസിക വിഭ്രാന്തി, നെല്ലിക്കാത്തളം വെയ്ക്കണം: സുരേഷ് ഗോപിയുടെ വോട്ട് വിവാദത്തിൽ ബി ഗോപാലകൃഷ്ണൻ

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലായിരുന്നു വോട്ട് ചെയ്തത്

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇടതുപക്ഷവും കോണ്‍ഗ്രസും പരാജയത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. ചെമ്പെന്ന് കേള്‍ക്കുമ്പോള്‍ ഇരുവര്‍ക്കും മാനസിക വിഭ്രാന്തിയാണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി എസ് സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന്‍ ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.

'ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടിക രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട് വിറ്റു. അദ്ദേഹം തൃശൂരില്‍ പുതിയ വീട് നോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്താണ്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും സുരേഷ് ഗോപിയുടെയും നരേന്ദ്രമോദിയുടെയും ചിത്രം വച്ചാണ് വോട്ട് ചോദിച്ചത്. കോണ്‍ഗ്രസ് എന്താണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം വയ്ക്കാതിരുന്നത്. അലൂമിനിയം രാഹുല്‍ ഗാന്ധി ആയതുകൊണ്ടാണോ?', എന്നും ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലായിരുന്നു വോട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ സുരേഷ് ഗോപി തിരുവനപുരത്താണ് വോട്ട് ചെയ്തത്. ഈ നടപടിക്കെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതെങ്ങനെയാണ് സംഭവിച്ചതെന്നായിരുന്നു വി എസ് സുനില്‍ കുമാറിന്റെ ആരോപണം.

Content Highlights: Suresh Gopi vote controversy B gopalakrishnan against V S Sunilkumar

To advertise here,contact us