തൃശൂര്: തദ്ദേശ തെരഞ്ഞെടുപ്പില് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളാണ് നാളെ വിധിയെഴുതുന്നത്. നാളെ രാവിലെ ഏഴ് മുതല് വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് ഉച്ചയോടെ പൂര്ത്തിയായി. പൊലീസ് സ്റ്റേഷനുകളില് ഉപകരണങ്ങള് സജ്ജമാക്കുകയാണ്. പ്രശ്ന ബാധിത ബൂത്തുകളില് സുരക്ഷാക്രമീകരണങ്ങള് ശക്തമാക്കിയിട്ടുണ്ട്.
1,53,37,176 കോടി വോട്ടര്മാരാണ് ഏഴ് ജില്ലകളില് വിധിയെഴുതുന്നത്. ഇതില് 80.92 ലക്ഷം പേര് സ്ത്രീകളും 72.47 ലക്ഷം പേര് പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ്. തൃശൂര്, കോഴിക്കോട്, കണ്ണൂര് കോര്പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. 38,994 സ്ഥാനാര്ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില് 18,974 പേര് പുരുഷന്മാരും 20,020 പേര് സ്ത്രീകളുമാണ്.
പ്രശ്ന ബാധിത ബൂത്തുകള് ഏറെയുള്ളത് രണ്ടാംഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കര്ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 2,005 പ്രശ്ന ബാധിത ബൂത്തുകളാണ് ഈ ഏഴ് ജില്ലകളിലായി ഉള്ളത്. ഇതില് പകുതിയില് കൂടുതലും കണ്ണൂര് ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളില് മാവോയിസ്റ്റ് ഭീതിയുമുണ്ട്.
Content Highlights- Second phase of local body election will conduct tomorrow