തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം. തിരുവനന്തപുരം അഡീഷണല് പ്രിൻസിപ്പൽ സെഷന്സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഹര്ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന് മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിര്ദേശവും നല്കിയിരുന്നു. ആദ്യ പീഡനക്കേസില് ജില്ലാക്കോടതി മുന്കൂര് ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന് നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നല്കിയിരുന്നു. വിവാഹവാഗ്ദാനം നല്കി ബന്ധം സ്ഥാപിച്ച രാഹുല് അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്ഐടിക്ക് മൊഴി നല്കിയത്. ശരീരമാകെ മുറിവേല്പ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല് നടത്തിയതെന്നും മൊഴിയിലുണ്ട്.
തന്റെ ടെലഗ്രാം നമ്പര് സംഘടിപ്പിച്ച ശേഷം താനുമായി രാഹുല് മാങ്കൂട്ടത്തില് അടുപ്പം സ്ഥാപിച്ചു. തുടര്ന്ന് വിവാഹ വാഗ്ദാനം നല്കി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങള് സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറില് ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിര്പ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ 'ഐ വാണ്ട് ടു റേപ്പ് യൂ' എന്ന് രാഹുല് ആവര്ത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടര്ന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുല് പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുല് പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താന് തകര്ന്നു. കുറച്ചുനാള് കഴിഞ്ഞ് തന്നോട് ബന്ധം പുനഃസ്ഥാപിക്കാന് രാഹുല് ശ്രമിച്ചു. തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് രാഹുല് ആവശ്യപ്പെട്ടു. ശേഷം തന്റെ വീടിന് സമീപം കാറുമായെത്തി കയറാന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഫോണില് വിളിച്ച് രാഹുല് അസഭ്യം പറഞ്ഞെന്നും അതിജീവിത എസ്ഐടിക്ക് മൊഴി നല്കി. മൊഴിയും അതിജീവിത കൈമാറിയ തെളിവുകളും മുദ്രവെച്ച കവറില് പൊലീസ് തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതിയില് സമര്പ്പിച്ചു. അതിജീവിത നല്കിയ അതിക്രൂര ബലാത്സംഗം വെളിപ്പെടുത്തുന്ന മൊഴി രാഹുലിന് കുരുക്കായി മാറുകയാണ്.
Content Highlights: Rahul Mamkootathil Get anticipatory Bail In second Case