കൊച്ചി: മലയാറ്റൂരില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ 19 കാരി ചിത്രപ്രിയയുടെ പോസ്റ്റുമോര്ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല് കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്ട്ടം നടക്കുക. ഡിസംബര് ആറാം തീയതി കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പില് കണ്ടെത്തിയത്. തലയില് ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാല് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തില് ചിത്രപ്രിയയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്കുട്ടിയുടെ വീട്ടില് നിന്ന് ഒരുകിലോമീറ്റര് അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനുതൊട്ടരികെ രക്തം പുരണ്ട കല്ലും കണ്ടെത്തിയിരുന്നു.
ബെംഗളൂരുവില് ഡിഗ്രി വിദ്യാര്ത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാല് ദിവസങ്ങള്ക്ക് ശേഷം ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആണ് സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കില് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചില് നടത്തിയത്.
Content Highlights: postmortem of 19-year-old Chitrapriya malayattoor Death today