ഭുബനേശ്വര്: ഒഡീഷയില് എംഎല്എമാരുടെ ശമ്പളം മൂന്നിരട്ടി കൂട്ടി. എംഎല്എമാര്ക്ക് ഇനിമുതല് പ്രതിമാസം പല ഇനങ്ങളിലായി ശമ്പളം ഉൾപ്പെടെ 3.45 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് 1.11 ലക്ഷമായിരുന്നു. ഒഡീഷ നിയമസഭയില് ശമ്പള വര്ധനവിനുളള ബില് ഐക്യകണ്ഠേന പാസാക്കി. 2024 ജൂണ് മുതല് മുന്കാല പ്രാബല്യത്തോടെയാണ് ശമ്പള വര്ധന. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്ന്ന എംഎല്എ ശമ്പളം ഒഡീഷയിലാകും. മുഖ്യമന്ത്രിക്ക് 3.74 ലക്ഷവും മന്ത്രിമാര്ക്ക് 3.62 ലക്ഷവുമാണ് ലഭിക്കുക..
അഞ്ച് വര്ഷം കൂടുമ്പോള് ശമ്പളം, അലവന്സ്, പെന്ഷന് എന്നിവ വര്ധിപ്പിക്കാനുളള വ്യവസ്ഥകള്ക്കൊപ്പം സിറ്റിംഗ് എംഎല്എ മരണപ്പെട്ടാല് കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്കാനുളള വ്യവസ്ഥയും ബില്ലിലുണ്ട്. ഒരു എംഎല്എയ്ക്ക് 90,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
മണ്ഡലം/സെക്രട്ടറേറിയല് അലവന്സായി 75,000 രൂപ, കണ്വെയന്സ് അലവന്സായി 50,000 രൂപ, പുസ്തകങ്ങള്, ജേണലുകള്, ആനുകാലികങ്ങള് എന്നിവയ്ക്കായി 10,000 രൂപ, വൈദ്യുതി, യാത്ര അലവന്സായി 20,000 രൂപ, മെഡിക്കല് അലവന്സായി 35,000 രൂപ, ടെലിഫോണ് അലവന്സായി 15,000 എന്നിങ്ങനെയാണ് ലഭിക്കുക.വിരമിച്ച എംഎല്എയ്ക്ക് 1.17 ലക്ഷം രൂപ പെന്ഷനും ലഭിക്കും. 80,000 രൂപ പെന്ഷന്, 25,000 രൂപ മെഡിക്കല് അലവന്സ്, 12,500 രൂപ യാത്ര അലവന്സ് എന്നിവയുള്പ്പെടെയാണ് 1.17 ലക്ഷം രൂപ പെന്ഷന് ലഭിക്കുക.
Content Highlights: Odisha MLAs salary hiked: 3.45 lakhs per month now