'സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം അനുവദിച്ചിട്ടില്ല: ഇസ്‌ലാമിക അടച്ചക്കം പാലിച്ച കാലത്ത് സ്ത്രീകള്‍ സുരക്ഷിതർ'

സ്ത്രീപള്ളിപ്രവേശന വിവാദം മത യുക്തിവാദികളുടെ സൃഷ്ടിയെന്ന് സുന്നി നേതാക്കൾ

കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്താ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നർഗീസ് നടത്തിയ പ്രസ്താവന വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഫാത്തിമ നർഗീസിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുജാഹിദ്-ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ രംഗത്ത് വന്നപ്പോള്‍ എപി-ഇകെ സുന്നിവിഭാഗങ്ങളില്‍ നിന്ന് കടുത്ത വിമർശനം ഉയർന്നു.

സുന്നി വിഭാഗങ്ങള്‍ നിലപാട് കടുപ്പിക്കുന്നതിന് ഇടയിലാണ് മകളെ തള്ളിക്കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത് വരുന്നത്. മകളുടെ പ്രസ്താവന കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.

വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മകളെ തിരുത്തിയതോടെ മുജാഹിദ് നേതൃത്വം മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരായി. വിഷയം സമസ്തയ്ക്കുള്ളിലെ ലീഗ് വിരുദ്ധരും സജീവ ചർച്ചയാക്കാന്‍ ശ്രമിക്കുന്നതായുള്ള അഭിപ്രായങ്ങളുണ്ട്. ഇതിന് ഇടയിലാണ് വിഷയത്തില്‍ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നത്. സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ രണ്ടാംകിട പൗരന്മാരായി കാണുന്നവരാണ് സുന്നികളെന്ന തീർത്തും വാസ്തവ വിരുദ്ധമായ ദുഷ്പ്രചാരണം നടത്തുന്ന മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മത യുക്തിവാദികളുടെ കുൽസിത ശ്രമങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ പറയുന്നു.

സ്ത്രീ പള്ളിപ്രവേശം ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒരു വിവാദമോ ചർച്ചാവിഷയമോ അല്ല. അഞ്ചുനേരത്തെ നിർബന്ധ നിസ്‌കാരങ്ങൾക്കും വെള്ളിയാഴ്ചയിലെ ജുമുഅക്കും പുരുഷന്മാരെ പോലെ സ്ത്രീകളും പങ്കെടുക്കേണ്ടതില്ലെന്നും അവർ വീട്ടിൽവച്ച് നിസ്‌കരിക്കുകയാണ് വേണ്ടതെന്നുമാണ് പ്രമാണങ്ങൾ പറയുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

ദിനംപ്രതി പള്ളികളിൽ നടക്കുന്ന പ്രാർത്ഥനകളിൽ സ്ത്രീകൾ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു രേഖ ഖുർആനിലോ നബിവചനങ്ങളിലോ മറ്റു ആധികാരിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ ഇല്ല. മറിച്ച് പുരുഷൻമാരാണ് പള്ളിയിൽ നിസ്‌കരിക്കേണ്ടതെന്ന് ഖുർആനിൽ പറയുന്നുമുണ്ട്. പള്ളിയിൽ വന്ന് നിസ്‌കരിക്കട്ടെ എന്നു ചോദിച്ച ഉമ്മു ഹുമൈദ് സാഇദിയ്യ (റ) യോട് പ്രവാചകർ (സ) പറഞ്ഞത്, വീട്ടിലെ നിന്റെ സ്വകാര്യറൂമിൽ നിസ്‌കരിക്കലാണ് പബ്ലിക് റൂമിൽ നിസ്‌കരിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമമെന്നും നിങ്ങളുടെ വീട്ടുവളപ്പിൽ നിങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച പള്ളിയിൽ നിസ്‌കരിക്കലാണ് എന്റെ ഈ പൊതുപള്ളിയിൽ നിസ്‌കരിക്കുന്നതിനേക്കാൾ ഉത്തമമെന്നുമാണ് മറുപടി പറഞ്ഞത്.

പതിനാലു നൂറ്റാണ്ട് മുമ്പ് തിരുനബി (സ) പഠിപ്പിച്ച അതേ നിയമങ്ങൾ എക്കാലവും മുസ്‌ലിങ്ങൾ തുടരും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രമല്ല ഇസ്‌ലാമെന്നും സ്ത്രീകളുടെ വിഷയത്തിൽ ഇസ്‌ലാം നിശ്ചയിച്ച മാർഗ്ഗരേഖ അംഗീകരിക്കാൻ മുസ്‌ലിങ്ങൾ ബാധ്യസ്ഥരാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌ലാം നിശ്ചയിച്ച അച്ചടക്കം പാലിച്ച കാലത്ത് സ്ത്രീകൾ തീർത്തും സുരക്ഷിതരായിരുന്നു. അപൂർണമായെങ്കിലും ഇസ്‌ലാമിക അച്ചടക്കം പാലിക്കുന്ന മുസ്ലിം രാജ്യങ്ങളിൽ ഇന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വളരെ കുറവാണെന്ന കാര്യം വിമർശകർ ഓർക്കേണ്ടതുണ്ടെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സുന്നി യുവജന സംഘം സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി എം. അബ്ദുറഹ്‌മാൻ മുസ്ലിയാർ കൊടക്, സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മസ്തഫ മാസ്റ്റർ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് എന്നിവരാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Content Higlights: Women's entry into mosques: Leaders including Hamid Faizi Ambalakadavu clarify what religions say

To advertise here,contact us