കൊച്ചി: നടിയെ ആക്രമിച്ച കേസില് സംഭവം നടക്കുമ്പോള് ക്രൂരകൃത്യം നടന്ന വാഹനത്തിന് പിന്നിലെ വാഹനത്തില് എട്ടാം പ്രതിയായിരുന്ന ദിലീപുമുണ്ടായിരിക്കാമെന്ന് റിപ്പോര്ട്ടര് ചാനലിലെ പ്രിന്സിപ്പല് കറസ്പോണ്ടൻ്റ് ആര് റോഷിപാല്. ഇതുമായി ബന്ധപ്പെട്ട സംശയം അന്വേഷണ സംഘത്തിനുമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി ഈ വാഹനത്തില് ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്ന തെളിവുകള് മൊബൈല് ടവര് കേന്ദ്രീകരിച്ച് കിട്ടിയിരുന്നുവെന്നും റോഷിപാല് പറഞ്ഞു. എട്ട് വര്ഷക്കാലം നടിയെ ആക്രമിച്ച കേസ് പിന്തുടരുകയും കേസില് നിര്ണായകമായി പല വിവരങ്ങളും പുറത്തെത്തിക്കുകയും ചെയ്ത ആര് റോഷിപാല് കേസിന്റെ നാള്വഴികള് റിപ്പോർട്ടറുമായുള്ള മുഖാമുഖത്തിലാണ് വീണ്ടും ഓർമ്മിച്ചത്.
'മുന് അന്വേഷണ ഉദ്യോഗസ്ഥരില് ചിലര് പ്രതികള്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. അങ്കമാലിയിലെ അഡ്ലസ് മുതലാണ് ഈ ആക്രമണം നടക്കുന്നത്. പള്സര് സുനിയും സംഘവും സഞ്ചരിച്ച വാഹനം, അതിജീവിത സഞ്ചരിച്ച വാഹനം അതിന് പുറമേ ഒരു വാഹനവുമുണ്ടായിരുന്നു. അതില് ദിലീപിന്റെ ഡ്രൈവറും മനസാക്ഷി സൂക്ഷിപ്പുകാരനുമായ അപ്പുണ്ണിയാണുണ്ടായിരുന്നത്. അന്ന് പതിവിലില്ലാത്ത തരത്തില് ദിലീപിന്റെ പേഴ്സണല് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. ദിലീപ് എന്തിനാണ് മൊബൈല് സ്വിച്ച് ഓഫ് ചെയ്തത്', റോഷിപാല് ചോദിക്കുന്നു.
സാധാരണ പൊലീസ് അന്വേഷിക്കുമ്പോള് എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങളില് നിന്നും വ്യത്യസ്തമായി ചെയ്യുന്ന കാര്യങ്ങള് ശ്രദ്ധിക്കും. അങ്ങനെയാണ് ദിലീപിൻ്റെ ഫോണ് സ്വിച്ച് ഓഫായ കാര്യം ശ്രദ്ധയില്പ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. കറുവറ്റിയില് നിന്നും ആലുവ മാര്ക്കറ്റ് വരെ അപ്പുണ്ണിയുടെ മൊബൈല് ഫോണ് ആക്രമണം നടന്ന വാഹനത്തിന്റെ സഞ്ചാരപാതയിലുണ്ട്. അവിടെ നിന്ന് ദിലീപിന്റ സഹോദരി സബിതയുടെ മൊബൈലിലേക്കാണ് കോള് പോകുന്നത്. 22 മിനിറ്റ് നേരമാണ് സംസാരിച്ചത്. ഇത് സിഡിആറിലുള്ളതാണെന്നും താന് വെറുതെ പറയുന്നതല്ലെന്നും റോഷിപാല് പറഞ്ഞു.
'അപ്പുണ്ണി ഈ സമയത്ത് കുറ്റകൃത്യം നടന്ന വാഹനത്തിന്റെ തൊട്ട് പിന്നിലുള്ള വാഹനത്തിലുണ്ടെന്ന് സംശയിക്കുന്ന തെളിവാണിത്. പക്ഷേ അത് പുറത്തെത്തുന്നത് വൈകിപ്പോയി. പിന്നീട് സിസിടിവി ദൃശ്യങ്ങള് ശേഖരിക്കാന് പറ്റുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഒരു പക്ഷേ ആ വാഹനത്തില് ദിലീപുണ്ടെങ്കിലോ? ദിലീപ് പലപ്പോഴും അപ്പുണ്ണിയുടെ മൊബൈലിലാണ് സംസാരിക്കുന്നത്. അങ്ങനെയെങ്കില് അപ്പുണ്ണിക്കൊപ്പം ആ വാഹനത്തില് ദിലീപുമുണ്ടെങ്കിലോ? ദിലീപിന്റെ നിരീക്ഷണത്തിലാണ് ഈ ക്രൂരകൃത്യം നടക്കുന്നതെങ്കിലോ? ആ സംശയമുണ്ട്. ആ സംശയം തെളിയിക്കാന് പറ്റുന്ന രീതിയില് അന്വേഷണ സംഘത്തിന് രേഖകള് കണ്ടെത്താന് കഴിഞ്ഞില്ല. കാരണം ആദ്യത്തെ അന്വേഷണ സംഘം സംശയമുനയിലാണ്. അന്നത്തെ പൊലീസ് മേധാവി അട്ടിമറിക്കാന് ശ്രമിച്ചിരുന്നു. തെളിവുകള് കോടതിയിലുണ്ട്. നാല് തവണയാണ് അന്നത്തെ പൊലീസ് മേധാവിക്കെതിരെ റിപ്പോര്ട്ടര് ചാനല് വാര്ത്ത നല്കിയത്', റോഷിപാല് പറഞ്ഞു.
Content Highlights: Dileep Actress Case Dileep may in the vehicle behind the car that attacked actress