അടൂര്‍ പ്രകാശ് തിരുത്തി പറയണം, ഇല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാകും: രാജ്മോഹൻ ഉണ്ണിത്താൻ

ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞ് നാറുന്നുവെന്ന് ചൊല്ലുണ്ട്. ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഇല്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും തങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയതാണ്. കേസ് മേല്‍ക്കോടതിയിലേക്ക് പോകുമല്ലോ. കുറ്റക്കാരായ ആറുപേര്‍ക്കും അതിജീവിതയുമായി മുന്‍വൈരാഗ്യം ഉണ്ടെന്ന് കാണാന്‍ കഴിയില്ല. അപ്പോള്‍ തന്നെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞ് നാറുന്നുവെന്ന് ചൊല്ലുണ്ട്. ഈ കേസില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരള സമൂഹം അതിജീവിതയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസ് മറ്റൊരു സമീപനം സ്വീകരിച്ചിട്ടില്ല. സ്ഥാനമാനങ്ങളിലിരിക്കുന്നവര്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെയൊരു അഭിപ്രായം ഉണ്ടെങ്കില്‍ ഫോണില്‍ ബന്ധപ്പെടാം. അല്ലാത്തപക്ഷം ജനം തെറ്റിദ്ധരിക്കപ്പെടും. പാര്‍ട്ടിക്കും മുന്നണിക്കും ഒറ്റ അഭിപ്രായമാണ്. അതിനപ്പുറം ആര് എന്ത് പറഞ്ഞാലും വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവര്‍ത്തിച്ചു.

അടൂര്‍ പ്രകാശ് തിരുത്തി പറയണം. ഇല്ലെങ്കില്‍ പാര്‍ട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാകും. അപക്വമായ പ്രസ്താവന ഒരിക്കലും ഒരു പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല. അത്യുന്നതമായ പദവിയാണ് യുഡിഎഫ് കണ്‍വീനര്‍ എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ദിലീപിന് നീതി ലഭിച്ചെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് മറ്റ് പണിയില്ലാത്തത് കൊണ്ടാണെന്നുമുള്ള അടൂര്‍ പ്രകാശിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പരാമര്‍ശം കനത്ത തിരിച്ചടിയായതോടെ അടൂര്‍പ്രകാശ് തിരുത്തി രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlights: Rajmohan Unnithan Against Adoor Prakash supporting dileep

To advertise here,contact us