ചൊക്ലിയിൽ കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പം ഹാജരായത് പൊലീസ് സ്റ്റേഷനിൽ

ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു പരാതി

ചൊക്ലി: കണ്ണൂരിൽനിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി ടി പി അറുവ മടങ്ങിയെത്തി. ചൊക്ലി സ്റ്റേഷനിലാണ് അറുവയും യുവാവും ഹാജരായത്. മകൾ ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു മാതാവിന്‍റെ ആരോപണം. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അറുവ. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നറങ്ങിയ അറുവയെ പിന്നീട് കാണാതായെന്നായിരുന്നു മാതാവിന്റെ പരാതി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ചൊക്ലി പൊലീസിൽ മാതാവ് പരാതിയും നൽകി. പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനൊപ്പം സ്ഥാനാർത്ഥിയായ ടി പി അറുവ പോയി എന്നായിരുന്നു എഫ്‌ഐആർ.

ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനിൽ ഹാജരായത്. ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. സ്ഥാനാർത്ഥിയെ കാണാതായതോടെ യുഡിഎഫ് പ്രവർത്തകരും ആശങ്കയിലായിരുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ്. ഇന്നത്തെ കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാർത്ഥി പങ്കെടുത്തിട്ടില്ല.അതേസമയം സ്ഥാനാർത്ഥിയെ കാണാതായതിനു പിന്നിൽ സിപിഐഎം ആണെന്ന ആരോപണവും പ്രാദേശിക യുഡിഎഫ് നേതൃത്വം ഉന്നയിച്ചിരുന്നു. എന്നാൽ സിപിഐഎം ഇത് തള്ളിയിരുന്നു.

Content Highlights : Missing UDF candidate from Kannur returns

To advertise here,contact us