'അതിജീവിതയ്ക്ക് നീതി ലഭിക്കണം, അതിനായി എന്ത് പകരം കൊടുത്താലും മതിയാകില്ല'; ആസിഫ് അലി

'കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.'

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. 'പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.' ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വര്‍ഗീസാണ് കേസില്‍ വിധി പറഞ്ഞത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.

Content Highlight; “Justice must be ensured for the survivor” says Asif Ali

To advertise here,contact us