ദിലീപിനെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു ദിലീപിനെ കുറ്റവിമുക്തനാക്കിയത്

കൊച്ചി: ഫെഫ്കയില്‍ നിന്നും രാജിവെച്ച് ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. രാജിക്ക് പിന്നാലെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷ വിമർശനവും അവർ നടത്തി.

ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടയനയുടെ നേതൃനിരയിലുണ്ടായിരുന്ന അവർ നിലവില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഭാഗ്യലക്ഷ്മി. ഇന്നലെ ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്‍റെ വിമർശനം ശക്തമായ ഭാഷയില്‍ തന്നെ അവർ രേഖപ്പെടുത്തി. 'ഇന്നത്തെ വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുൻപേ എഴുതിവെച്ച വിധിയാണെന്ന് താൻ നാല് വർഷം മുൻപ് പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാട് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. '2 മണിക്കൂറിനുള്ളിൽ ദിലീപിനെ പുറത്താക്കിയ സംഘടനയാണ് ഫെഫ്ക. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെയാണ് തീരുമാനം എടുത്തത്, ഫെഫ്കയുടെ ഭരണഘടന ജനറൽ സെക്രട്ടറിയ്ക്ക് നൽകുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദർഭം അതാണ്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടർ നടപടികൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്' എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

എട്ട് വർഷത്തെ വിചാരണയ്ക്ക് ഒടുവിൽ ദിലീപിനെ പോലെ പ്രധാനപ്പെട്ട ഒരു നടൻ അദ്ദേത്തിൽ ചാർത്തപ്പെട്ട കുറ്റത്തിൽ നിന്ന് വിമുക്തമായി തൊഴിൽ മേഖലയിലേക്ക് തിരികെ വരുകയാണ്. മലയാള സിനിമ വ്യവസായത്തെ പല ചാലുകളിലേക്ക് തിരിച്ച് വിട്ട സംഭവം കൂടിയാണിത്. ഇപ്പോൾ ഈ വിധി വരുമ്പോൾ ഏറ്റവും ഫലപ്രദമായി പോലീസ് അന്വേഷിച്ച കേസ് നന്നായി പ്രോസിക്യൂഷൻ നടത്തിയ കേസ് അതിൽ ഇത്തരത്തുള്ള വിധി ഉണ്ടാകുമ്പോൾ അത് കാണേണ്ടതുണ്ട്. വിശദമായി വായിക്കേണ്ടതുണ്ട്, അന്വേഷിക്കേണ്ടതുണ്ട്. അതിൽ പറയുന്ന കാര്യങ്ങളെ കാണാതെ പോകരുതെന്ന അഭിപ്രായം ഞങ്ങൾക്ക് ഉണ്ട്. പക്ഷേ, കേസിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

To advertise here,contact us