വ്യക്തികള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്കുള്ള സമ്മാനമല്ല സമ്മതിദാനം; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കേരളത്തില്‍ ആകെ തകരാതെനില്‍ക്കുന്നത് ജോണ്‍ ബ്രിട്ടാസ് നിര്‍മിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങള്‍ പറഞ്ഞു.

മലപ്പുറം: വ്യക്തികള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ക്കുള്ള സമ്മാനമല്ല സമ്മതിദാനമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തെ സമകാലിക സംഭവവികാസങ്ങളോടുള്ള പൗരന്റെ പ്രതികരണമാണ് വോട്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ ചേങ്ങോട് കുടുംബസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ആകെ തകരാതെനില്‍ക്കുന്നത് ജോണ്‍ ബ്രിട്ടാസ് നിര്‍മിച്ച സിപിഐഎം-ബിജെപി അവിശുദ്ധ പാലം മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങള്‍ പറഞ്ഞു. ഇതല്ലാതെ ഇനി കേരളത്തില്‍ തകരാനായി ഒന്നും ബാക്കിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതപോലും തകര്‍ന്നടിഞ്ഞു. നരേന്ദ്രമോദി-പിണറായി വിജയന്‍ ബാന്ധവത്തിലെ പാലം ജോണ്‍ ബ്രിട്ടാസാണ്. ആ പാലം മാത്രം ഇപ്പോഴും തകരാതെ നില്‍ക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പിന്റെ വിധി വരുമ്പോള്‍ ആ പാലം കേരളത്തിലെ ജനങ്ങള്‍ തകര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുനവറലി തങ്ങള്‍.

കുടുംബസംഗമത്തില്‍ നൗഷാദ് ആറ്റുപറമ്പത്ത് അധ്യക്ഷനായി. എഐസിസി സെക്രട്ടറി ടി എന്‍ പ്രതാപന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി, ജില്ലാ വൈസ് പ്രസിഡന്റ് കെഎ ഹാറൂണ്‍ റഷീദ്, വിആര്‍ വിജയന്‍, തൃപ്രയാര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി അനില്‍ പുളിക്കല്‍, പിഎം സിദ്ദിഖ്, കെഎ കബീര്‍, എഎന്‍ സിദ്ധപ്രസാദ്, കെഎ ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.

To advertise here,contact us