മലപ്പുറം: രാവിലെ പോസ്റ്റർ പതിപ്പിക്കും. അടുത്ത ദിവസം രാവിലെ നോക്കുമ്പോൾ ആ പോസ്റ്റർ നശിപ്പിക്കപ്പെട്ട നിലയിലായിരിക്കും. ഇക്കാരണത്താൽ കുറച്ച് ദിവസങ്ങളായി മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചുള്ളിപ്പാറ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി കെ ഹർഷ ബാനു ആകെ ആശങ്കയിലാണ്. ഒടുവിൽ പോസ്റ്റർ കീറിക്കളഞ്ഞ ആളെ കാത്തിരുന്ന് തന്നെ യുഡിഎഫ് പ്രവർത്തകർ കണ്ടെത്തി. എന്നാൽ ആള് അങ്ങനെ ഭൂമിയിൽ കാലുകുത്തുന്ന ആളല്ല എന്നതാണ് രസകരം !
വീടിനോട് ചേർന്ന പറമ്പിൽ, വർഷങ്ങളായി പടർന്നു പന്തലിച്ചു നിൽക്കുന്ന പുളിമരത്തിലാണ് ഹർഷ ബാനുവിൻ്റെ പോസ്റ്റർ പതിപ്പിച്ചത്. കുട്ടികളുടെ കൈയെത്തും ഉയരത്തിൽ തന്നെയായിരുന്നു പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. എന്നാൽ രാവിലെ വെച്ച പോസ്റ്റർ അടുത്ത ദിവസം രാവിലെയാകുമ്പോൾ ആകെ നശിപ്പിക്കപ്പെട്ടിരിക്കും.
ഒരാഴ്ചയോളം ഈ 'നശിപ്പിക്കൽ' തുടർന്നു. സ്വാഭാവികമായും യുഡിഎഫ് പ്രവത്തകർ മറ്റ് പാർട്ടിക്കാരെ സംശയിച്ചുതുടങ്ങി. സംഭവം നാട്ടിൽ പാട്ടായതോടെ രാഷ്ട്രീയ അന്തരീക്ഷം മോശമായിത്തുടങ്ങി.
എന്നാൽ ഒരു ദിവസം രാവിലെയാണ് യുഡിഎഫ് പ്രവർത്തകർ ആ സത്യം അറിഞ്ഞത്. പോസ്റ്റർ കീറിക്കളയുന്നത് എതിർപാർട്ടിക്കാരോ രാഷ്ട്രീയശത്രുക്കളോ അല്ല. അത് ഒരു അണ്ണാൻകുഞ്ഞാണ്. ഇരുട്ട് വീണാൽ പുള്ളിക്കാരൻ പോസ്റ്റർ കരണ്ടുതുടങ്ങും. വെളിച്ചമായാൽ ഒറ്റ മുങ്ങൽ ! എന്തായാലും ഒരു ദിവസം പ്രവർത്തകർ ഈ 'സാമൂഹികവിരുദ്ധ'നെ കയ്യോടെ പൊക്കി. എന്തായാലും എതിർപാർട്ടിക്കാർക്ക് നേരെ ഉയർന്ന സംശയം ഒരു അണ്ണാനിൽ തീർന്ന ആശ്വാസം ഉണ്ടാകും നാട്ടുകാർക്ക്. ഒരു രാഷ്ട്രീയ സംഘർഷം ഒഴിവായിക്കിട്ടിയല്ലോ!
Content Highlights: Squirrel destroys poster in malappuram