കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില് സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഭവിക്കാന് പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും അതില് കുറ്റവാളികള് ശിക്ഷിക്കപ്പെട്ടു എന്നതില് വളരെയധികം സന്തോഷമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. പ്രോസിക്യൂഷന്റെ വീഴ്ച്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജഡ്ജ്മെന്റ് പുറത്തുവരാതെ പ്രതികരിക്കാനില്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
'ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് ഈ വിധി സഹായകമാകും. തൃക്കാക്കര എംഎല്എ ആയിരുന്ന പി ടി തോമസിന്റെ ഇടപെടലിലാണ് ഇങ്ങനൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തെ ഈ അവസരത്തില് പ്രത്യേകം ഓര്ക്കുന്നു. ഒരു തരത്തിലും പ്രതികള് രക്ഷപ്പെടരുതെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കേരളത്തില് സ്ത്രീസുരക്ഷ കുറേക്കൂടി ഉറപ്പാക്കേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീയ്ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാനുളള സംവിധാനം മെച്ചപ്പെടുത്തണം': വി ഡി സീശന് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ കോടതി വിധി തൃപ്തികരമല്ലെന്നാണ് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് പ്രതികരിച്ചത്. കേസ് വാദിച്ച് തെളിയിക്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും ഗൂഢാലോചന ഭാഗം തെളിയിക്കാന് കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില് അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വിധി നിരാശാജനകമാണ് എന്നാണ് വടകര എംഎല്എ കെ കെ രമ പറഞ്ഞത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതില് പ്രോസിക്യൂഷന് വീഴ്ച്ച പറ്റിയെന്നും ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും കെ കെ രമ പറഞ്ഞു. പണവും അധികാരവും ഉണ്ടെങ്കില് എന്തും സാധിക്കും എന്നതിന് തെളിവാണിതെന്നും വിധി എതിരാണെങ്കിലും പൊതുസമൂഹം അവള്ക്കൊപ്പമാണെന്നും കെ കെ രമ കൂട്ടിച്ചേര്ത്തു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാന് പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള് കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര് എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന് ഹൈക്കോടതിയില് അപ്പീല് നല്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന് തെളിവുകള് നല്കുന്നതില് പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല് ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കും.
Content Highlights: Happy that the culprits in the actress attack case have been punished: VD Satheesan