കൊച്ചി: നടന് ദിലീപിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബി രാകേഷ്. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്കിയാല് മറ്റുളളവരുമായി ചര്ച്ച ചെയ്ത് തുടര്നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര് അല്ലാത്തവര്ക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും രാകേഷ് വ്യക്തമാക്കി. 'ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തില് റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിര്മ്മിച്ചിരുന്നു. അന്ന് താല്ക്കാലിക അംഗത്വം നല്കിയിരുന്നു': ബി രാകേഷ് കൂട്ടിച്ചേര്ത്തു.
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ ഫെഫ്കയിലെ സസ്പെന്ഷന് പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല് സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അറിയിച്ചിരുന്നു. സംഘടനയില് പ്രവര്ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നുമാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.
'2 മണിക്കൂറിനുള്ളിൽ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയാണ്. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെ, ഫെഫ്കയുടെ ഭരണഘടന ജനറൽ സെക്രട്ടറിയ്ക്ക് നൽകുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദർഭം അതാണ്. ട്രെയ്ഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തമായി. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗ്വത്വത്തെ സംബന്ധിച്ചുള്ള തുടർ നടപടികൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ യൂണിയനോട് ആവശ്യപ്പെടുന്നുണ്ട്. ക്രിമിനല് കുറ്റാരോപിതരായവരെ സംഘടനയില് നിന്ന് സസ്പെന്ഡ് ചെയ്യാറുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട കോടതി കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്, സംഘടനയില് പ്രവര്ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ്. അവിടെ ഞാന് വിശേഷാധികാരം ഉപയോഗിക്കുന്നില്ല. സംഘടനയുടെ കമ്മിറ്റി ചര്ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെ. അദ്ദേഹത്തിന് താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല,' ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാന് പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള് കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര് എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. വിധിക്കെതിരെ മേല്ക്കോടതികളെ സമീപിക്കുമെന്നാണ് സര്ക്കാര് അറിയിച്ചിട്ടുള്ളത്.
Content Highlights: 'Dileep will be readmitted to the Producers Association': B Rakesh