തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യം തെളിഞ്ഞുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ എംഎല്എ. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നുവെന്നും ഷൈലജ വ്യക്തമാക്കി. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ കെ ഷൈലജ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഗൂഢാലോചനാക്കുറ്റം തെളിയിക്കാന് പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള് കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര് എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന് ഹൈക്കോടതിയില് അപ്പീല് നല്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന് തെളിവുകള് നല്കുന്നതില് പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല് ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കും.
വിധി അന്തിമമല്ലെന്നും മേല്ക്കോടതികൾ ഇനിയുമുണ്ടെന്നുമായിരുന്നു അന്വേഷണത്തിന് മേല്നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല് എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്ക്കോടതിയില് എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു.
Content Highlight : Dileep Actress Case: Found guilty, welcomes the decision of the Law Department to appeal; KK Shailaja